Skip to main content
ആലുവ സെന്റ്. സേവ്യഴ്സ് കോളേജിൽ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.

വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തും: മന്ത്രി ഡോ. ആർ. ബിന്ദു

 

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ആലുവ സെന്റ്. സേവ്യഴ്സ് കോളേജിൽ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കെട്ടിടത്തിന്റെയും നവീകരണപ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചയ്ക്ക് നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.

വിദ്യാഭ്യാസരംഗം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി  അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ കോളേജുകളിലെ പഠന രീതിയിൽ ഗുണപരമായ  മാറ്റങ്ങളുണ്ടാകും. വിദ്യാർത്ഥികളുടെ സർഗവാസനകളെ  കൂടുതൽ മെച്ചപ്പെടുത്തും വിധം വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യഭ്യാസ നയമാണ് സ്വീകരിക്കുക. സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തണം.

 സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ധനസഹായം നൽകുന്നതിന്  2013-ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് റൂസ. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ  പദ്ധതി വിഹിതം. 

രണ്ട് കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി കോളേജിന് ലഭിച്ചത്. ഒരു കോടി രൂപ മൂന്ന് ക്ലാസ് മുറികളും കോൺഫറൻസ് ഹാളും ഉൾപ്പെടെ എട്ടു മുറികളും ശുചി മുറികളുമുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഉപയോഗിച്ചു. ശേഷിക്കുന്ന തുക  കോളേജിലെ നിലവിലെ കെട്ടിട്ടങ്ങളുടെ നവീകരണവും സോളാർ പാനൽ സ്ഥാപിക്കുന്നതിനും ഉപയോഗിക്കും. 

ചടങ്ങിൽ അൻവർ സാദത്ത്  എം എൽ എ  അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി  മുഖ്യാതിഥിയായി. ആലുവ മുൻസിപ്പൽ ചെയർമാർ എം ഒ ജോൺ, കൗൺസിലർ കെ ജയകുമാർ, സംസ്ഥാന നിർമ്മിതി കേന്ദ്ര എൻജിനീയർ ഡോ.റോബർട്ട് വി തോമസ്, മാനേജർ സിസ്റ്റർ ചാൾസ്, പ്രിൻസിപ്പൽ പ്രൊഫ.ഡോ.മിലൻ ഫ്രാൻസ്, ജയിംസ് സെബാസ്റ്റ്യൻ, സിസ്റ്റർ കെ എ സ്റ്റെല്ല, തുടങ്ങിയവർ പങ്കെടുത്തു.

date