Skip to main content

മാലിന്യമുക്ത നവകേരളം സ്വച്ഛത ഹി സേവാ ക്യാമ്പയിൻ തുടങ്ങി

 

മാലിന്യ മുക്തം നവകേരളം സ്വച്ഛത ഹി സേവാ ക്യാമ്പയിനിന്റെ എരുമപ്പെട്ടി പഞ്ചായത്ത്തല ഉദ്ഘാടനം നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഏർണെസ്റ്റ് സി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്‌ലാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ പുതിയ ലോഗോയുടെ പ്രകാശനവും ചടങ്ങിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നിർവഹിച്ചു. കുട്ടികൾക്ക് ശുചിത്വ മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി ഹരിതകർമ്മ സേന അംഗങ്ങൾ ബോധവത്ക്കരണ നാടകം അവതരിപ്പിച്ചു. ഹരിതകർമസേന അംഗം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ ക്വിസ്, ചിത്രരചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടത്തി.

എരുമപ്പെട്ടി പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ജസ്റ്റിൻ സെബാസ്റ്റ്യൻ, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി അംഗം സുജാത സുഗതൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഷീജ സുരേഷ്, സ്കൂൾ മാനേജർ ഫാ. ജോഷി ആളൂർ, സ്കൂൾ ഹെഡ്മിസ്ട്രസ് അഗസ്റ്റിൻ പൂവന്താനം, വാർഡ് മെമ്പർ ഐജു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date