Skip to main content

മാലിന്യമുക്തം നവകേരളത്തിനായി ഇന്നു(ഒക്‌ടോബർ 1) മുതൽ നാടിറങ്ങുന്നു

- ശുചീകരണപ്രവർത്തനങ്ങൾക്ക്(ഒക്‌ടോബർ 1) ഇന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടക്കം
- നാളെ (തിങ്കളാഴ്ച ഒക്‌ടോബർ 2) ലക്ഷങ്ങൾ പങ്കെടുക്കുന്ന ശുചീകരണ പരിപാടികൾ

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്നു(ഞായറാഴ്ച, ഒക്‌ടോബർ 1) തുടക്കമാകും. രാവിലെ ഒമ്പതിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. കാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന 'വൃത്തി' കർമപദ്ധതിക്കും തുടക്കമാകും. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ കലണ്ടർ പ്രകാരം ജലാശയങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്നു നടക്കും.
ഗാന്ധിജയന്തി ദിനമായ നാളെ (തിങ്കളാഴ്ച, ഒക്‌ടോബർ 2) വിപുലമായ ജനപങ്കാളിത്തത്തോടെ ശുചീകരണ പരിപാടി നടക്കും. എല്ലാ വിദ്യാഭ്യാസ-സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യസംസ്‌ക്കരണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തിങ്കളാഴ്ച നടക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വാർഡുതലത്തിൽ കുറഞ്ഞത് 200 പേരെ പങ്കെടുപ്പിച്ചാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തുക. വാർഡുതല ശുചിത്വ-ആരോഗ്യസമിതിക്കാണ് ചുമതല. മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്താണ് പരിപാടികൾ ആരംഭിക്കുക. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ വൃത്തിയാക്കിയശേഷം പൂന്തോട്ടം നിർമിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ എൻ.എസ്.എസ്. നടപ്പാക്കുന്ന സ്‌നേഹാരാമങ്ങൾക്കും തുടക്കമാകും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ, യുവജനങ്ങൾ, എൻ.എസ്.എസ്. പൊതുപ്രവർത്തകർ, രാഷ്ട്രീയ-തൊഴിലാളി-സർവീസ് സംഘടന പ്രവർത്തകർ, വ്യാപാരി-വ്യവസായി, ലൈബ്രറി-കലാ-സാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ്, സർക്കാർ ജീവനക്കാർ, മത-സാമുദായക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ജനുവരി 30 വരെ നീളുന്ന വിപുലമായ പ്രവർത്തന കലണ്ടർ കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. ഹരിതകർമ്മസേനയുടെ വിന്യാസം ഒക്‌ടോബറിൽ 100 ശതമാനമാക്കും. എല്ലാ ആഴ്ചയിലും ഒരു ദിവസം നിർബന്ധമായും വീടുകളിലെത്തി അജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന കലണ്ടർ തയാറാക്കി പ്രവർത്തനം നടപ്പാക്കും.
'ശുചിത്വമാണ് സേവനം' പദ്ധതിയുടെ ഭാഗമായി ഒക്‌ടോബർ ഒന്നിന് രാവിലെ 10 മുതൽ ഒരു മണിക്കൂർ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രമന്ത്രാലയവും നിർദ്ദേശിച്ചിട്ടുണ്ട്. നഗരസഭ വാർഡുകളിലെ രണ്ടു സ്ഥലങ്ങിലും ഗ്രാമപഞ്ചായത്ത് വാർഡിലെ ഒരു സ്ഥലത്തുമാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ളത്. പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സ്വച്ഛതാ ഹി സേവാ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്യണം.

date