Skip to main content

മാലിന്യ മുക്തം നവകേരളം; ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നര ലക്ഷം പേർ പങ്കാളിയായി

 

6600 പൊതുസ്ഥലങ്ങൾ ശുചീകരിച്ചു

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ട്, മൂന്ന് തീയ്യതികളിൽ നടന്ന ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നര ലക്ഷം പേർ പങ്കാളിയായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ തീവ്ര ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 6600 പൊതു സ്ഥലങ്ങളാണ് ജില്ലയിൽ ശുചീകരിച്ചത്.

മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ വലിയ മുന്നേറ്റമാണ് ജില്ലയിൽ ഉണ്ടായത്. ശുചീകരണ പ്രവർത്തനത്തിൽ ജനപങ്കാളിത്തത്തിൽ സംസ്ഥാന തലത്തിൽ ജില്ല രണ്ടാം സ്ഥാനം കൈവരിച്ചു. 6600 പൊതു സ്ഥലം ശുചീകരിച്ചതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൊതു സ്ഥലം ശുചീകരിച്ച ജില്ലയായി കോഴിക്കോട് മാറി. ഇതിലൂടെ ജനുവരി 30 വരെ തുടരുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കമാണ് ജില്ലയിൽ ലഭിച്ചത്.

4200 പേരുടെ പങ്കാളിത്തത്തോടെ 194 പൊതു സ്ഥലം ശുചീകരിച്ച് മണിയൂർ ഗ്രാമപഞ്ചായത്തും 3942 പേരുടെ പങ്കാളിത്തത്തോടെ 72 പൊതുസ്ഥലം വൃത്തിയാക്കി  ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തും ശുചിത്വ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി.
ചെറുവണ്ണൂർ, ചോറോട്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകളിലും മൂവായിരത്തിലധികം പേരുടെ ജനപങ്കാളിത്തം ശുചിത്വ പ്രവർത്തനങ്ങളിലുണ്ടായി. കോഴിക്കോട് കോർപ്പറേഷനിൽ 16000 പേർ ചേർന്ന് 150 ഓളം പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. മുനിസിപ്പാലിറ്റികളിൽ കൊയിലാണ്ടി, മുക്കം എന്നിവിടങ്ങളിൽ നാലായിരത്തിലധികം പേർ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എംഎൽഎമാർ , ത്രിതല പഞ്ചായത്തുകളിലെയും നഗര സഭകളിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, വികസന സമിതി അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, എൻസിസി, എൻഎസ്എസ്, മറ്റ് ക്ലബ് അംഗങ്ങൾ, കച്ചവടക്കാർ, തൊഴിലാളികൾ, പിടിഎ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷനുകൾ, പൊതു പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 

മാലിന്യപ്രശ്നങ്ങളിൽ വിവരം നൽകുന്നവർക്ക് പരിതോഷികം നൽകുന്നത് ജനകീയ ക്യാമ്പയിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണം സംബന്ധിച്ച് നോഡൽ ഓഫീസർമാർക്ക് പ്രത്യേക ബോധവത്കരണം നൽകി മാലിന്യമുക്ത പ്രക്രിയയിലേക്ക് ജനങ്ങളുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു.

date