Skip to main content

ശുചിത്വ വഴിൽ ഏറെ മുന്നിലാണ് ഈ ആറാം ക്ലാസുകാരൻ

മനസ്സിൽ ശുചിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടായാൽ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകുമെന്ന മഹാത്മാ ഗാന്ധിജിയുടെ വിശ്വാസത്തിന് കൂടുതൽ കരുത്ത് പകരുകയാണ് ആറാം ക്ലാസുകാരനായ അമർനാഥ്. ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട വഴിയിലൂടെയല്ല സ്ഥിരം വഴികളിലൂടെ വേറിട്ട കാഴ്ചപ്പാടോടെ നടന്നാണ് പുറത്തൂർ ഗ്രാമപഞ്ചായത്തിലെ മുട്ടന്നൂർ സ്വദേശിയായ അമർനാഥ് മാതൃകയാകുന്നത്. താൻ നടന്ന വഴികളിൽ പലരും അലക്ഷ്യമായി ഇട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായ സംസ്‌കരണത്തിനായി ഒരുക്കിയാണ് ഈ കൊച്ചുമിടുക്കൻ തന്റെ ഗാന്ധിജയന്തി ദിന സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കുന്നത്
ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ശുചീകരണ പരിപാടികളിൽ പങ്കെടുക്കാനുള്ള അച്ഛന്റെ ഉപദേശവും അലക്ഷ്യമായി ഇടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുമെന്ന അറിവുമാണ് അമർനാഥിന് പ്രചോദനമായത്. നടക്കുന്ന വഴികളിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് കവറുകളും മറ്റും ശേഖരിച്ച് വീട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെളിയും മറ്റും കളഞ്ഞ് ഉണക്കാനായിട്ടു. മഴ കിട്ടിയതിനാൽ വൃത്തിയാക്കാൻ കാര്യമായി പണിയെടുക്കേണ്ടി വന്നില്ലെന്ന് അമർനാഥ് പറയുന്നു. കവറുകൾ ഉണങ്ങിക്കഴിഞ്ഞാൽ ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറും. ഗാന്ധിജയന്തി ദിനത്തിലെ തന്റെ 'കൊച്ചു' സന്ദേശം കൊണ്ട് നാടിന് മാതൃകയായിരിക്കുകയാണ് ഈ മിടുക്കൻ. തയ്യൽ തൊഴിലാളിയായ കൂച്ചിപ്പള്ളി അർജുനന്റെയും അജിഷയുടെയും മകനായ അമർനാഥ് എടക്കനാട് ഗവ. യു.പി സ്‌കൂളിലെ വിദ്യാർഥിയാണ്. മൂന്ന് വയസുകാരൻ അദ്വൈത് സഹോദരനാണ്.

date