Skip to main content

കേൾവിയുടെ ലോകത്തേക്ക് അഭിരാമി

*ഇടമലക്കുടിയിലെ 10 വയസുകാരി മന്ത്രിയെ കാണാനെത്തി

            അഭിരാമീ... എന്ന് അച്ഛൻ ശിവനും അമ്മ മുത്തുമാരിയും നീട്ടി വിളിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ ഇന്ന് തിരിഞ്ഞു നോക്കും. കേൾവിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ അലയടിക്കും. ഇനി എത്രയും വേഗം സംസാരിച്ചു തുടങ്ങണം. സ്‌കൂളിൽ പോയി പഠിക്കണം. അങ്ങനെയുള്ള ആഗ്രഹങ്ങളിലേക്കുള്ള യാത്രയിലാണ് അഭിരാമി. അതിനിടെ അഭിരാമി ഇന്നലെ സെക്രട്ടേറിയറ്റിലെത്തി. മന്ത്രി കെ. രാധാകൃഷ്ണനെ കണ്ട് നന്ദി പറയാൻ. കാരണം കേൾവിയുടെ ലോകം അഭിരാമിക്ക് സ്വന്തമായതിന് പിന്നിൽ മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു. കുഞ്ഞുടുപ്പും ചോക്ലേറ്റും നൽകിയാണ് മന്ത്രി അഭിരാമിയെ സ്വീകരിച്ചത്.

            ഇടമലക്കുടി സ്വദേശിയായ അഭിരാമി ജൻമനാ ബധിരയായിരുന്നു. നല്ല ചികിത്സ ലഭിച്ചാൽ കേൾവി ശക്തി തിരികെക്കിട്ടുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും പണം വിലങ്ങുതടിയായി. അങ്ങനെയിരിക്കെയാണ് മന്ത്രി കെ. രാധാകൃഷ്ണൻ കഴിഞ്ഞ                  മെയ് 29ന് ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ നിർമാണോദ്ഘാടനത്തിന് സൊസൈറ്റിക്കുടിയിലെത്തിയത്. അന്ന് ശിവനൊപ്പം പത്തു വയസുകാരിയായ അഭിരാമിയെ അദ്ദേഹം കണ്ടു. ഭിന്നശേഷിക്കാരായ പട്ടിക വർഗക്കാരുടെ പരിമിതികൾ തരണം ചെയ്യാൻ സഹായിക്കുന്ന കാറ്റാടി പദ്ധതിയിൽ അഭിരാമിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകുമെന്ന് മനസിലാക്കി മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക നൽകുകയായിരുന്നു. കേൾവി ഉപകരണത്തിനുള്ള തുകയ്ക്ക് പുറമെ അഭിരാമിക്കും മാതാപിതാക്കൾക്കും തിരുവനന്തപുരത്ത് ചികിത്സയ്ക്കായി വന്നു പോകുന്നതിനുള്ള ചെലവും സർക്കാർ നൽകി.

            തിരുവനന്തപുരം മെഡിക്കൽ കോളേജ്നാഷണൽ സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് [നിഷ്] തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ വിദഗ്ധ പരിശോധന നടത്തി. നിഷിലെ ചികിൽസയ്ക്കൊടുവിൽ കേൾവി ഉപകരണം ഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായി തിരുവനന്തപുരത്തെത്തിയപ്പോൾ അമ്പരന്ന് പിതാവിനെ വട്ടംചുറ്റിപ്പിടിച്ച് കരഞ്ഞ കുട്ടി ഇനി സ്വന്തം നാട്ടിലെ സ്‌കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ മൂന്നാർ പ്രീമെട്രിക്ക് സ്‌കൂളിൽ പോയിരുന്നെങ്കിലും പഠനത്തിന് തടസമുണ്ടായി. ഇടമലക്കുടി സൊസൈറ്റിക്കുടിയിലെ സ്‌കൂളിൽ അഭിരാമിയെ ഉടൻ ചേർക്കും.

            പി.എൻ.എക്‌സ്5038/2023

date