Skip to main content
കൂവപ്പടിയിൽ വനിതകൾക്കായി സംഘടിപ്പിച്ച ട്രാക്ടർ പരിശീലനത്തിൽ നിന്ന്.

ട്രാക്ടര്‍ ഓടിക്കാന്‍ തയ്യാറെടുത്ത് കൂവപ്പടിയിലെ വനിതകള്‍; പരിശീലനം പൂര്‍ത്തിയായി

കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിച്ചു നിലമൊരുക്കാന്‍ തയ്യാറെടുത്ത് കൂവപ്പടിയിലെ ഒരു കൂട്ടം വനിതകള്‍. കാര്‍ഷിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് കൂവപ്പടി ബ്ലോക്ക് പരിധിയില്‍ വരുന്ന വനിതകള്‍ക്ക് ട്രാക്ടര്‍ പരിശീലനം നല്‍കിയത്. തിരഞ്ഞെടുക്കപ്പെട്ട 20 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലനം നല്‍കിയത്.

രണ്ട് ബാച്ചുകളിലായി എട്ട് ദിവസത്തെ പരിശീലനത്തിലൂടെ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പൂര്‍ണ്ണ സജ്ജരായി ഇവര്‍. സ്ത്രീകള്‍ക്ക് യന്ത്രവല്‍ക്കൃത കൃഷി രീതികളില്‍ പരിശീലനം നല്‍കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏറെ ആവേശത്തോടെയാണ് 20 പേരും പരിശീലനത്തെ ഏറ്റെടുത്തത്. 

കോടനാട് ബസേലിയോസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് സ്‌കൂള്‍ അധികൃതരുടെ സഹകരണത്തോടെയാണ് പരിശിലീനം ഒരുക്കിയത്. പരിശീലനം ലഭിച്ചവരെ വരും ദിവസങ്ങളില്‍ ബ്ലോക്കിലെ നിലമൊരുക്കല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. തുടര്‍ പ്രവര്‍ത്തനമെന്ന രീതിയില്‍ ബസേലിയോസ് പബ്ലിക് സ്‌കൂളില്‍ ഒരു ചെറുധാന്യ ഉദ്യാന മാതൃകയും (മില്ലറ്റ് ഗാര്‍ഡന്‍) ഒരുക്കുന്നുണ്ട്. അതിനാവശ്യമായ രീതിയില്‍ നിലമൊരുക്കുന്നത് ഈ വനിതകള്‍ തന്നെയാണ്.

date