Skip to main content

200 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്

തച്ചനാട്ടുകരയില്‍ അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ദ്രാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെടുന്ന 200 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത്. ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം ആശാവര്‍ക്കര്‍ രമണിക്ക് നല്‍കി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം നിര്‍വ്വഹിച്ചു. ഇതിന് പുറമെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട 200 രോഗികള്‍ക്കുള്ള മരുന്ന് വിതരണവും 200 തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പൂര്‍ത്തിയാക്കിയതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം അറിയിച്ചു. 94 ഭവന രഹിതരായ മുഴുവന്‍ പേരെയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുനല്‍കാനുള്ള നടപടികളും ഗ്രാമപഞ്ചായത്ത് പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.കെ വിനോദ്, പി.ടി സഫിയ, പി. രാധാകൃഷ്ണന്‍, പി.എം ബിന്ദു, ബിന്ദു കോങ്ങാത്ത്, പാര്‍വ്വതി അമ്പലത്ത്, രജനിപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

date