Skip to main content

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 സംസ്ഥാനതല ഉദ്ഘാടനം 27 ന് കരട് വോട്ടര്‍ പട്ടിക പ്രകാശനം ചെയ്യും

സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാ(സ്വീപ്പ്)മിന്റെ ഭാഗമായി വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടിയില്‍ 27 ന് നടക്കും. രാവിലെ 11 ന് അഗളി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അഡീഷണല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ സി. ഷര്‍മ്മിള കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രക്ക് നല്‍കി പ്രകാശനം ചെയ്യും.
ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി ഷൊര്‍ണൂര്‍ തോല്‍പ്പാവക്കൂത്ത് കലാകേന്ദ്രത്തിലെ പെണ്‍പാവക്കൂത്ത് സംഘത്തിന്റെ തോല്‍പ്പാവക്കൂത്ത്, പുത്തൂര്‍ സി.വി.എന്‍ കളരി സംഘത്തിന്റെ കളരിപയറ്റ്, ആനവായ് ഈരിലെ പ്രാക്തന ഗോത്ര വര്‍ഗങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയുണ്ടാകും. കൂടാതെ അഗളി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ തെരഞ്ഞെടുപ്പിന്റെ ചരിത്രം പറയുന്ന ചിത്ര പ്രദര്‍ശനവും നടക്കും.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, അഡീഷണല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ പി. കൃഷ്ണദാസന്‍, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, എ.ഡി.എം കെ. മണികണ്ഠന്‍, ഡെപ്യൂട്ടി ഡി.ഇ.ഒയും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുമായ പി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പരിപാടിക്ക് മുന്നോടിയായി രാവിലെ 10.30 ന് അഗളി വി.എച്ച്.എസിലെ വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്, റാലി എന്നിവ നടക്കും. പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസ് മുതല്‍ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാള്‍ വരെ നടക്കുന്ന റാലി അഡീഷണല്‍ സി.ഇ.ഒ. പി. കൃഷ്ണദാസന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

 

date