Skip to main content
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന കരിമ്പനക്കുതിപ്പ് അനുമോദന പരിപാടി മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

പാലക്കാട് കേരളത്തിന്റെ എന്‍ജിന്‍: മന്ത്രി എം.ബി രാജേഷ് ഏഷ്യന്‍ ഗെയിംസ്, സംസ്ഥാന സ്‌കൂള്‍ കായികമേള വിജയികളെ അനുമോദിച്ചു

കായികമത്സരങ്ങളില്‍ സംസ്ഥാനത്തെ ഒന്നാമത് എത്തിക്കുന്ന കേരളത്തിന്റെ എന്‍ജിനാണ് പാലക്കാട് എന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളം ചാമ്പ്യന്മാരാവുന്നതിന്റെ പ്രധാന സംഭാവന പാലക്കാടിന്റേതാണ്. ജില്ലയെ ഇന്ത്യന്‍ അത്‌ലറ്റിക്സിന്റെ സ്വര്‍ണ്ണഖനി എന്നോ നഴ്സറി എന്നോ വിശേഷിപ്പിച്ചാലും അതിശയോക്തിയില്ലെന്നും മന്ത്രി പറഞ്ഞു. ഏഷ്യന്‍ ഗെയിംസ്, സംസ്ഥാന സ്‌കൂള്‍ കായികമേള വിജയികളെയും പരിശീലകരെയും അനുമോദിക്കുന്നതിനായി ജില്ലാ പഞ്ചായത്തും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി കരിമ്പനക്കുതിപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക രംഗത്തെ മികവിന് പാലക്കാട് ജില്ലയ്ക്ക് വലിയ പാരമ്പര്യമുണ്ട്. 1982ലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ പ്രേമചന്ദ്രന്‍, അലനല്ലൂര്‍ ഹംസ, പി.ടി ഉഷ, എം.ഡി വത്സമ്മ, മേഴ്‌സിക്കുട്ടി എന്നിങ്ങനെ അത് നീളുകയാണ്. അത്‌ലറ്റിക്സിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ മികച്ച രീതിയില്‍ ഇടപെടുന്നുണ്ട്. വര്‍ഷങ്ങളായി നിര്‍മ്മാണം മുടങ്ങിക്കിടന്ന ഇന്‍ഡോര്‍ സ്റ്റേഡിയം പണി പൂര്‍ത്തീകരിക്കുന്നതിന് കിഫ്ബിയിലൂടെ 15 കോടി രൂപ അധികമായി അനുവദിച്ചതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. എല്ലാ ജില്ലകളിലും മികച്ച സ്റ്റേഡിയം ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതിന്റെ ഭാഗമായി ജില്ലയില്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലത്തിനായി മലമ്പുഴ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. 50 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുക. ഇതിന് തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്‍ഡോര്‍ സ്റ്റേഡിയവും പാലക്കാട്ടെ പുതിയ ജില്ലാ സ്റ്റേഡിയവും യാഥാര്‍ത്ഥ്യമാകുന്നതോടെ പാലക്കാട്ടെ കായിക കുതിപ്പിന് പുതിയ ചിറകുകള്‍ നല്‍കും. തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്‍ഷിപ്പ് നേടി ഹാട്രിക് സ്വന്തമാക്കിയ പാലക്കാട്ടെ കായികതാരങ്ങളെയും പരിശീലകരെയും മന്ത്രി ആദരിച്ചു. ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ എസ്. ശ്രീശങ്കര്‍, മുഹമ്മദ് അഫ്സല്‍, അജ്മല്‍ എന്നിവരെയും മന്ത്രി അനുമോദിച്ചു. മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ റിവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ശ്രീശങ്കറിന് പരിശീലനത്തിനായി 20 ലക്ഷം രൂപ ചെലവില്‍ സൗകര്യങ്ങള്‍ ഒരുക്കിയതും പ്രതിമാസ ഹോണറേറിയം നല്‍കുന്നതും മന്ത്രി പരാമര്‍ശിച്ചു. പരിപാടിയുടെ ഭാഗമായി പാലക്കാട് അഞ്ചുവിളക്കില്‍നിന്നും ഘോഷയാത്രയും നടന്നു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date