Skip to main content

അനന്തപുരിയുടെ രാവുകള്‍ക്കിനി ദീപാലങ്കാരത്തിന്റെ നിറച്ചാര്‍ത്ത്

*ലേസര്‍ മാന്‍ ഷോ,അള്‍ട്രാ വലയറ്റ് ഷോ,ട്രോണ്‍സ് ഡാന്‍സ് എന്നിവ നഗരത്തിലാദ്യം
*പ്രത്യേക തീമുകളിലൊരുക്കിയ സെല്‍ഫി കോര്‍ണറുകള്‍

കേരളത്തിന്റെ നേട്ടങ്ങള്‍ നിറയുന്ന ആഘോഷമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി കാഴ്ചയുടെ എണ്ണമറ്റ കൗതുകങ്ങള്‍ക്ക് സ്വിച്ചിടുന്നതാകും വൈദ്യുതദീപാലങ്കാര പ്രദര്‍ശനമെന്ന്  വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കേരളീയത്തിന്റെ മുഖ്യആകര്‍ഷണങ്ങളിലൊന്നായ ഇല്യൂമിനേഷനുമായി  ബന്ധപ്പെട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത നിരവധി വിസ്മയകാഴ്ചകളുമായാണ് കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയം വൈദ്യുത ദീപാലങ്കാരം ഒരുങ്ങുന്നത്.കനകക്കുന്ന്,സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍, സെക്രട്ടേറിയറ്റും അനക്സുകളും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങളാല്‍ അലംകൃതമാകും. കേരളീയത്തിന്റെ പ്രധാന വേദികളിലൊന്നായ കനകക്കുന്നില്‍ പ്രത്യേകമായ തയ്യാറാക്കിയ ദീപാലങ്കാരമാകും സ്ഥാപിക്കുക.കേരളീയത്തിന്റെ കൂറ്റന്‍ ലോഗോയുടെ പ്രകാശിതരൂപമായിരിക്കും കനകക്കുന്നിലെ പ്രധാന ആകര്‍ഷണം.ലേസര്‍ മാന്‍ ഷോ കേരളീയത്തിലെത്തുന്നവരുടെ മനം കവരും.ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന ഷോ തിരുവനന്തപുരത്തിന് നവ്യനുഭമാകും.

അള്‍ട്രാ വയലറ്റ് രശ്മികള്‍ കൊണ്ടലങ്കരിച്ച വേദിയില്‍ കലാകാരന്മാര്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന യു.വി സ്റ്റേജ് ഷോ,എല്‍.ഇ.ഡി ബള്‍ബുകളാല്‍ പ്രകാശിതമായ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നര്‍ത്തകര്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രോണ്‍സ് ഡാന്‍സ് എന്നിവയും ഒരുക്കിയിട്ടുണ്ട്.പ്രധാന പരിപാടികളുടെ ഇടവേളകളില്‍ കനകക്കുന്നില്‍ തയാറാക്കിയ പ്രത്യേകവേദിയിലാണ് ട്രോണ്‍സ് ഡാന്‍സ് അവതരിപ്പിക്കുക.

ഇതിനു പുറമെ പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക്കാഴ്ചകളാല്‍ കനകക്കുന്നില്‍ തയ്യാറാക്കിയ വിവിധ സെല്‍ഫി പോയിന്റുകളും സന്ദര്‍ശകരുടെ ഫേവറിറ്റ് സ്പോട്ടായി മാറും.പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ കോര്‍ത്തിണക്കിയ ഇന്‍സ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെല്‍ഫി പോയിന്റാണ് ഇതിലൊന്ന്.വടക്കന്‍ കേരളത്തിലെ തെയ്യം പ്രമേയമാക്കി കണ്ണൂരില്‍ നിന്നുള്ള 'കാവി'ന്റെ തീമും ഒരുക്കും.

ടാഗോര്‍ തിയറ്ററില്‍ മൂണ്‍ ലൈറ്റുകള്‍ നിലാ നടത്തത്തിന് വഴിയൊരുക്കും.മ്യൂസിയത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും.നിര്‍മാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടേറിയറ്റിലെ ദീപാലങ്കാരം.

 കേരളം സമസ്ത മേഖലകളിലും കൈവരിച്ച നേട്ടങ്ങളെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ ബലൂണുകളാല്‍ സെന്‍ട്രല്‍
സ്റ്റേഡിയത്തിലെ രാത്രിക്കാഴ്ച നവ്യാനുഭൂതിയാകും. വിവിധ തല ത്തിലുള്ള പൂക്കളുടെ ആകൃതിയില്‍ തയ്യാറാക്കുന്ന ദീപാലങ്കാരമാണ് പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

കവടിയാര്‍- തൈക്കാട്,വെള്ളയമ്പലം-എല്‍.എം.എസ്, യൂണിവേഴ്സിറ്റി-പാളയം,എല്‍.എം.എസ്-സ്റ്റാച്യൂ- കിഴക്കേകോട്ട എന്നീ റോഡുകളില്‍ ആറു വ്യത്യസ്ത തീമുകളിലുള്ള ദീപാലങ്കാരമാണ് ഒരുക്കുന്നത്. ഓണം വാരാഘോഷങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായി പ്രധാന ജംഗ്ഷനുകളില്‍ കൂടുതല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ച് നഗരസൗന്ദര്യം കൂടുതല്‍ എടുത്തുകാണിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സജ്ജീകരണങ്ങള്‍.ഇതിനുപുറമേ സ്മാര്‍ട്ട് സിറ്റി, കെ.എസ്.ഇ.ബി,തിരുവനന്തപുരം കോര്‍പറേഷന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നഗരത്തിലെ എല്ലാ പ്രതിമകളിലും ദീപാലങ്കാരം നടത്തും. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ അവസാന മിനുക്കുപണികളാണ് നിലവില്‍ നടക്കുന്നത്.  തിരുവനന്തപുരം നഗരത്തിലെ ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളില്‍ രാത്രിയില്‍ പ്രത്യേക ദീപാലങ്കാരം നടത്തി ആകര്‍ഷകമാകുന്ന വിനോദസഞ്ചാര വകുപ്പിന്റെ തിരുവിതാംകൂര്‍ ഹെറിറ്റേജ് സര്‍ക്യൂട് പദ്ധതിയും കേരളീയം മഹോത്സവത്തിന് മുമ്പ് പൂര്‍ത്തിയാകും.

ഇല്യൂമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, കണ്‍വീനര്‍ ഡി.ടി.പി.സി.സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, കെ.എസ്.ഇ.ബി സിവില്‍ ജനറേഷന്‍ ഡയറക്ടര്‍ സി. രാധാകൃഷ്ണന്‍, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ ആര്‍.ആര്‍. ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

date