Skip to main content
ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സിനോട് അനുബന്ധിച്ച് പുത്തൂർ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു

ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സിനോട് അനുബന്ധിച്ച് പുത്തൂർ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു

വലിയ ജനപങ്കാളിത്തത്തോടുകൂടിയ ആഘോഷപൂർണ്ണമായ നവ കേരള സദസ്സിനാണ് ഒല്ലൂർ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സിനോട് അനുബന്ധിച്ച് പുത്തൂർ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ മറ്റ് 139 മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തവും ശ്രദ്ധേയവുമായ നവ കേരള സദസ്സ് ആവണം ഒല്ലൂരിലേതെന്നും മന്ത്രി പറഞ്ഞു. ഡിസംബർ അഞ്ചിന് വൈകീട്ട് 4.30 ന് പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് ഒല്ലൂർ മണ്ഡലം നവ കേരള സദസ്സ് നടക്കുന്നത്.  

നവകേരള സദസ്സിനോടനുബന്ധിച്ച് ഇരുന്നൂറോളം മലയോര പട്ടയങ്ങൾ നൽകുമെന്നും അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ സാംസ്കാരിക പരിപാടികളും എക്സിബിഷനും നടത്താൻ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 

പാണഞ്ചേരി, നടത്തറ, മാടക്കത്തറ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം നടന്നിരുന്നു. പുത്തൂർ ഫൊറോന പള്ളി ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനി പ്രദീപ്കുമാർ, പി എസ് ബാബു,  ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ലിബി വർഗീസ്, പി എസ് സജിത്ത്, നളിനി വിശ്വംഭരൻ, എഡിഎം ടി മുരളി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date