Skip to main content

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സാധാരണക്കാര്‍ക്ക് മികച്ച സേവനം നല്‍കും: മന്ത്രി കെ. രാജന്‍* '

മാനസിക പിരിമുറുക്കം ഇല്ലാതെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാനും രേഖകള്‍ പരിശോധിക്കാനും സാധാരണക്കാര്‍ക്ക് മികച്ച സേവനം നല്‍കാനുമുള്ള സൗകര്യം ഒരുക്കുകയാണ് ഓരോ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെയും സര്‍ക്കാരെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. തരൂര്‍ ഒന്ന്, വടക്കഞ്ചേരി രണ്ട്, തേങ്കുറിശ്ശി ഒന്ന്-രണ്ട്, കുഴല്‍മന്ദം ഒന്ന് വില്ലേജുകളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകൾ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങൾ സാധാരണക്കാരന് അനുകൂലമായും പരാതികള്‍ നിയമലംഘനം ഉണ്ടാക്കാതെയും പരിഹരിക്കുമ്പോഴാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാവുന്നത്. 
നിരവധി ആവശ്യങ്ങള്‍ക്കായി ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഓഫീസുകളാണ് ഇവ. റവന്യൂ വകുപ്പിന്റെ പൂമുഖ വാതിലാണ് ഓരോ വില്ലേജ് ഓഫീസുകളും. വില്ലേജുകള്‍ സ്മാര്‍ട്ടാവുന്നതോടെ അവയുടെ സ്വഭാവത്തില്‍ തന്നെ വലിയ മാറ്റം വരികയാണ്. ഫയലുകള്‍ കെട്ടിക്കിടക്കുന്ന ഒരു ഓഫീസ് എന്ന സങ്കല്‍പ്പം മാറി.  സാധാരണക്കാര്‍ക്ക് ഭൂമി ലഭ്യമാവുന്നതിന് തടസമാവുന്ന ചട്ടം-നിയമം എന്നിവ ഭേദഗതി ചെയ്യും. ഡിജിറ്റല്‍ ഭൂസര്‍വേ നടപടികള്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനം കേരളമാണ്. ഭൂമി ഇല്ലാത്ത ഒരു കുടുംബം പോലും ഉണ്ടാവരുത് എന്നാണ് സര്‍ക്കാര്‍ നയം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനകം മൂന്നുലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കും.
ഭൂമിക്ക് അര്‍ഹരായവരെ കണ്ടെത്താനും അവര്‍ക്ക് ഭൂമി ലഭ്യമാക്കാനുമായി റവന്യൂ വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഭൂപ്രശ്‌നങ്ങള്‍ ഏറ്റവും വേഗത്തില്‍ തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. രമ്യ ഹരിദാസ് എം.പി, എം.എല്‍.എമാരായ പി.പി. സുമോദ്, കെ.ഡി പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.

date