Skip to main content

വൃത്തിയാക്കിയ പരിസരം സംരക്ഷിക്കാന്‍ രാത്രികാല പരിശോധനകള്‍ അനിവാര്യം: മന്ത്രി എം.ബി. രാജേഷ് മാലിന്യമുക്തം നവകേരളം കൊടുമ്പ്-മരുതറോഡ് പഞ്ചായത്ത് ക്ലസ്റ്റര്‍ യോഗം നടന്നു

വൃത്തിയാക്കിയ പരിസരം തുടര്‍ന്നും അങ്ങനെ തന്നെ സംരക്ഷിക്കാന്‍ രാത്രികാല പരിശോധനകള്‍ അനിവാര്യമാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യമുക്തം നവകേരളം കൊടുമ്പ്-മരുതറോഡ് ഗ്രാമപഞ്ചായത്ത് ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നും മാലിന്യം നിക്ഷേപിക്കാന്‍ കഴിയാത്ത രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ജനകീയ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജനങ്ങളെ കൂടി പദ്ധതിയില്‍ ഭാഗമാക്കണം. മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ എടുക്കുകയാണ് ഇവരുടെ ഉത്തരവാദിത്തം. ഇതിന് സഹായമായ പോലീസ് നടപടികള്‍ ഉറപ്പാക്കും. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സേവന സംഘടനകളെ ഉപയോഗിച്ച് മാസ് ക്ലീനിങ് നടത്തണം, വഴിയോരത്തെ കുറ്റിക്കാടുകള്‍ ഒഴിവാക്കണം. തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാത നിര്‍മിക്കണം. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യത്തിന് മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കുന്നതിനായി സ്പോണ്‍സര്‍ഷിപ്പ് പ്രയോജനപ്പെടുത്താമെന്നും ഇതിനായി വ്യാപാരികള്‍ ഉള്‍പ്പെടെ സഹകരിക്കാന്‍ തയ്യാറുള്ളവരുടെ യോഗം ഗ്രാമപഞ്ചായത്ത് വിളിക്കണമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ തൃത്താലയില്‍ നടപ്പാക്കിയ പദ്ധതി വന്‍ വിജയമായിരുന്നു. ഇതോടൊപ്പം ആവശ്യത്തിന് ഗുണനിലവാരമുള്ള ക്യാമറകള്‍ സ്ഥാപിക്കണം. ഇതിന് ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ് തയ്യാറാക്കണം. ഡിസംബറിനകം അത് നടപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. റോഡുകളില്‍ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കണം. വെളിച്ചവും ക്യാമറയും ഉണ്ടെങ്കില്‍ മാലിന്യ നിക്ഷേപം കുറയും. എം.എല്‍.എ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട് ഉള്‍പ്പെടെ വെളിച്ചത്തിനായി പ്രയോജനപ്പെടുത്തണം. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ അപേക്ഷിച്ച പഞ്ചായത്തുകള്‍ എന്ന നിലയ്ക്ക് തുടര്‍ ഫോളോ അപ്പ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. ഇതിനായി 60 ശതമാനം തുകയാണ് ടൂറിസം വകുപ്പ് നല്‍കുക. ഇത്തരത്തില്‍ സാധ്യമായ പദ്ധതികളിലൂടെയെല്ലാം മാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് ഫണ്ട് കണ്ടെത്തണമെന്നും ബ്രിട്ടീഷ് പാലം മോഡി കൂട്ടി നവീകരിച്ചാല്‍ പഞ്ചായത്തിന് കൂടുതല്‍ വരുമാനം ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
വഴിയോരങ്ങളില്‍ 'മാലിന്യം തള്ളരുത്' എന്നെഴുതിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. മാലിന്യം നിക്ഷേപിച്ചാലുള്ള പിഴ ബോര്‍ഡില്‍ സൂചിപ്പിക്കണം. മാലിന്യ നിക്ഷേപത്തിന് പിഴ ഈടാക്കുന്നത് ഊര്‍ജിതപ്പെടുത്തണം, സാനിറ്ററി മാലിന്യം ഉള്‍പ്പെടെ തള്ളുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവണം. ഈ നിര്‍ദേശങ്ങള്‍ ഡിസംബര്‍ 31 നകം നടപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിക്കണമെന്നും ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷതയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, കൊടുമ്പ്-മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനികള്‍ എന്നിവര്‍ പങ്കെടുത്തു.

date