Skip to main content
നായരമ്പലം ഗ്രാമ പഞ്ചായത്തിൻ്റെയും നായരമ്പലം ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷീ കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ഉദ്ഘാടനം ചെയ്യുന്നു

നായരമ്പലം ഗ്രാമ പഞ്ചായത്തിൽ ഷീ കാമ്പയിൻ സംഘടിപ്പിച്ചു

ഹോമിയോപ്പതി വകുപ്പിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് നായരമ്പലം ഗ്രാമ പഞ്ചായത്തിൻ്റെയും നായരമ്പലം ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ ഷീ കാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ഉദ്ഘാടനം ചെയ്തു.

'വനിതകളിലൂടെ സാമൂഹികാരോഗ്യം' എന്ന സമഗ്ര സമീപനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതിയാണ് ഷീ (സുസ്ഥിര ആരോഗ്യം മെച്ചപ്പെടുത്തൽ). ആർത്തവ സംബന്ധമായ അസുഖങ്ങൾ, മാനസിക പിരിമുറുക്കം, തൈറോയിഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നീ അവസ്ഥകളെ പ്രതിരോധിക്കുന്നതിനും തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതും ഇതിന്റെ പൂർത്തീകരണത്തിനായി ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെ പരിചയപ്പെടുത്തുക എന്നതുമാണ് കാമ്പയിൻ്റെ ലക്ഷ്യം.

നായരമ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി വർഗ്ഗീസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. ബിന്ദു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജില രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പ്രമോദ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. ഷിബു, ഗ്രാമ പഞ്ചായത്ത് അംഗം കെ.പി ഷിനു എന്നിവർ സംസാരിച്ചു

തുടർന്ന് 'ഏകാരോഗ്യം ഹോമിയോപ്പതിയിലൂടെ' എന്ന വിഷയത്തിൽ നായരമ്പലം ഗവ. ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ ജീന ബോധവത്ക്കരണ ക്ലാസ് നയിച്ചു. വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ രോഗനിർണയ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടന്നു.

date