Skip to main content
രജിസ്ട്രേഷൻ നടത്തുന്നതിനൊപ്പം ആധാരങ്ങൾ പോക്കുവരവ് ചെയ്യുന്നതിനും സൗകര്യമൊരുക്കും; മന്ത്രി വി എൻ വാസവൻ

രജിസ്ട്രേഷൻ നടത്തുന്നതിനൊപ്പം ആധാരങ്ങൾ പോക്കുവരവ് ചെയ്യുന്നതിനും സൗകര്യമൊരുക്കും; മന്ത്രി വി എൻ വാസവൻ

*മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് നാടിന് സമർപ്പിച്ചു

രജിസ്ട്രേഷൻ നടത്തുന്നതിനൊപ്പം ആധാരങ്ങൾ പോക്കുവരവ് ചെയ്യുന്നതിനും സൗകര്യമൊരുക്കുമെന്ന് രജിസ്ട്രേഷൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. മുണ്ടൂരിലെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രജിസ്ട്രേഷൻ നടത്തുന്ന ആധാരങ്ങൾ പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് വീണ്ടും ഓഫീസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ട് രജിസ്ട്രേഷൻ വകുപ്പും റവന്യൂ വകുപ്പുമായി സഹകരിച്ച് രജിസ്ട്രേഷൻ ചെയ്യുന്നതിനൊപ്പം പോക്ക് വരവ് ചെയ്യുന്നതിനും സൗകര്യം ഒരുക്കും. ആധുനികവൽക്കരണത്തിലൂടെ രജിസ്ട്രാർ ഓഫീസുകളിലെ സേവനങ്ങൾ ഓൺലൈനായി വേഗത്തിൽ എല്ലാവരിലേക്കും എത്തിക്കുകയാണ്. മുന്നാധാരങ്ങൾ എല്ലാം തന്നെ ഡിജിറ്റൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഓരോ ഓഫീസും ജനസൗഹൃദവും ഈ ഗവേണൻസ് രീതിയിലേക്കും മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രജിസ്ട്രാർ ഓഫീസ് നിർമ്മാണം വൈകിയപ്പോളെല്ലാം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നിരന്തര ഇടപെടൽ ഉണ്ടായിരുന്നെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് എംഎൽഎ വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

117 വർഷം പഴക്കമുള്ള മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ ഓഫീസ് കെട്ടിടം പണിതിരിക്കുന്നത്. 8540 ചതുരശ്ര അടി വിസ്തീർണത്തിലാണ് അത്യാധുനിക സൗകര്യങ്ങളുടെയുള്ള പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഓഫീസ് റൂം, സബ് രജിസ്ട്രാർ റൂം, ഓഡിറ്റ് റൂം, പബ്ലിക് വെയ്റ്റിംഗ് റൂം, പാർക്കിംഗ് ഷെഡ്, ഭിന്നശേഷി സൗഹൃദ ബാത്റൂം ഉൾപ്പെടെ അഞ്ചു ടോയ്‌ലറ്റുകൾ, റാപ്പ് വരാന്ത, മഴവെള്ള സംഭരണി, വോളിയം ലിഫ്റ്റ് റൂം, കോമ്പാറ്റ് സിസ്റ്റം ഒരുക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടെയുള്ള റെക്കോർഡ് റൂം എന്നിവ ഉൾപ്പെടുന്നതാണ് 1.29 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം. തൃശ്ശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളിലൊന്നാണ് മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ്. ആറ് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 15 വില്ലേജുകളിലെ ജനങ്ങളാണ് മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് സേവനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്.

ചടങ്ങിൽ സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ തൃശ്ശൂർ റീജിയണൽ മാനേജർ സി രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് ജോയിന്റ് ഐജി പി കെ സാജൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഉഷാ ദേവി, വി കെ രഘുനാഥൻ, സിമി അജിത് കുമാർ, തങ്കമണി ശങ്കുണ്ണി, രേഖ സുനിൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീല രാമകൃഷ്ണൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ, ജില്ലാ രജിസ്ട്രാർ ജനറൽ എ ടി മരിയ ജൂഡി, ജില്ലാ രജിസ്ട്രാർ ഓഡിറ്റ് ഡിലൻ ടോം, ഉത്തര മദ്ധ്യ മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ഒ എ സതീശ്, സബ് രജിസ്ട്രാർ ഓഫീസർ പി ബാബുമോൻ, ഹെഡ് ക്ലർക്ക് പി ജി ദിലീപൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date