Skip to main content

കേരളത്തെ അടയാളപ്പെടുത്താന്‍ 25 സെമിനാറുകള്‍

*പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം
*അന്താരാഷ്ട്ര രംഗത്തെ പ്രമുഖരുമെത്തും

നവംബര്‍ ഒന്നുമുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ വികസന നേട്ടങ്ങളും സംസ്‌കാരികത്തനിമയും പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്ന ഇരുപത്തിയഞ്ച് സെമിനാറുകളും ഉണ്ടാകും.കേരളപ്പിറവി മുതല്‍ സംസ്ഥാനം വിവിധ മേഖലകളില്‍ കൈവരിച്ച വികസന നേട്ടങ്ങളും ഇതിലേക്കു നയിച്ച നയങ്ങളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയാണിത്.നിയമസഭ,ടാഗോര്‍ തിയേറ്റര്‍,ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം,മാസ്‌കോറ്റ് ഹോട്ടല്‍ സിംഫണി ഹാള്‍,സെന്‍ട്രല്‍ സ്റ്റേഡിയം എന്നിങ്ങനെ  അഞ്ചു വേദികളിലായി നടക്കുന്ന സെമിനാറില്‍ വിവിധ മേഖലകളില്‍ ലോകപ്രശസ്തരായ പണ്ഢിതര്‍, ഗവേഷകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കുന്ന സെമിനാറില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

കൃഷി,ഭൂപരിഷ്‌കരണം,മത്സ്യബന്ധനം,ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ,ജലവിഭവങ്ങള്‍,ക്ഷേമവും വളര്‍ച്ചയും, കേരളത്തിന്റെ സമ്പദ് ഘടന,വ്യവസായം, വിവരസാങ്കേതിക വിദ്യ,സഹകരണ സ്ഥാപനങ്ങള്‍, തൊഴില്‍,പ്രവാസികള്‍,പ്രാദേശിക സര്‍ക്കാരുകളും ഇ ഗവേണന്‍സും,പട്ടിക ജാതി-പട്ടിക വര്‍ഗ വികസനം, സാമൂഹിക നീതി,ലിംഗനീതിയും വികസനവും, മഹാമാരിയുടെ കാലത്തെ പൊതുജനാരോഗ്യവും ആരോഗ്യ നയവും,വിദ്യാഭ്യാസം,സംസ്‌കാരം,വിനോദ സഞ്ചാരം,മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക.വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി,മുന്‍ മന്ത്രിമാരായ കെ.കെ.ഷൈലജ എം.എല്‍.എ,ടി.എം.തോമസ് ഐസക്ക്,ടി.പി രാമകൃഷ്ണന്‍,എം.എ ബേബി,ഇ.പി.ജയരാജന്‍,പി.കെ. ശ്രീമതി,എം.പിമാരായ ബിനോയ് വിശ്വം,ജോണ്‍ ബ്രിട്ടാസ്, കനിമൊഴി,മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍,തമിഴ്‌നാട് ഐ.റ്റി വകുപ്പ് മന്ത്രി പളനിവേല്‍ തങ്കരാജു,ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.എസ്. സോധി,ലോകബാങ്കിലെ മുതിര്‍ന്ന എക്കണോമിസ്റ്റ് ക്രിസ് ജാക്‌സണ്‍,കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഗ്ലെന്‍ ഡെനിംഗ്,മുന്‍ എം.പി.ബൃന്ദാ കാരാട്ട്,നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ആസാദ് മൂപ്പന്‍,മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ചന്ദ്രു,ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്,പത്മപ്രിയ തുടങ്ങി നിരവധി പ്രമുഖരും സെമിനാറിനെത്തും.

ഇതുമായി ബന്ധപ്പെട്ട് കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊ.വി.കെ രാമചന്ദ്രന്‍,പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ ഡോ.കെ.രവി രാമന്‍,ഡോ. ജമീല പി.കെ,പ്ലാനിംഗ് ബോര്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍,സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ പ്രിയങ്ക ജി എന്നിവരും പങ്കെടുത്തു.

date