Skip to main content

കീരപ്പൊരി മുതല്‍ ചിക്കന്‍ മുസാബ വരെ;കേരളീയം ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി

രണ്ടായിരം തനത് വിഭവങ്ങളുമായി കേരളീയം അടുക്കളയിലൊരുങ്ങുന്ന വമ്പന്‍ ഭക്ഷ്യമേളയുടെ മുന്നോടിയായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനു കാർഡുകളിലൊന്നായ കേരളീയം ഫുഡ്ഫെസ്റ്റ് ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി.കനകക്കുന്ന് കൊട്ടാരത്തിനു പുറത്തെ പുൽത്തകിടിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ.അനിൽ സംഗീത സംവിധായകൻ എം.ജയചന്ദ്രന് കൈമാറിയാണ് ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കിയത്.
എന്തു കഴിക്കും?കേരള മെനു അണ്‍ലിമിറ്റഡ് എന്ന ടാഗ് ലൈനോടെയുള്ള 25 അടി നീളവും 10 അടി വീതിയുള്ള വമ്പന്‍ മെനു കാര്‍ഡാണ് പ്രകാശച്ചടങ്ങിനായി ഒരുക്കിയത്.സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി കേരളീയം മാറുമെന്ന് മെനു കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.കേരളീയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ഭക്ഷ്യമേളയിലെത്തി വിഭവങ്ങളെല്ലാം സന്ദര്‍ശകര്‍ ആസ്വദിക്കണമെന്നും മന്ത്രി പറഞ്ഞു.
മ്യൂസിക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും മാത്രമാണ് തനിക്ക് താല്‍പര്യമുള്ള രണ്ട് ഫെസ്റ്റുകളെന്നും കേരളീയം ഫുഡ് ഫെസ്റ്റിവലില്‍ സജീവമായുണ്ടാകുമെന്നും സംഗീത സംവിധായകൻ എം.ജയചന്ദ്രന്‍ പറഞ്ഞു.ഒരിക്കലും മറക്കാനാവാത്ത രുചിയനുഭവം കേരളീയം ഭക്ഷ്യമേളയില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയർമാൻ എ.എ.റഹീം എം.പി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം തനത് വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതെന്നും ബോളിയും പായസവും മുതല്‍ തലശ്ശേരി ബിരിയാണി വരെയുള്ള 10 കേരളീയ വിഭവങ്ങള്‍ക്ക് ജി ഐ ടാഗ് ലഭ്യമാക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഗ്രാന്‍ഡ് മെനു കാര്‍ഡ് സ്കാന്‍ ചെയ്താല്‍ എവിടെ,എന്തു വിഭവം കിട്ടുമെന്ന് അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്.500 വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ അണിനിരത്തുന്നത്.
തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ 150 ലധികം സ്റ്റാളുകൾ മേളയുടെ ഭാഗമായി സജ്ജീകരിക്കും.പട്ടിക വർഗ വികസന വകുപ്പ്,സഹകരണ വകുപ്പ്,ഫിഷറീസ് വകുപ്പ്,ക്ഷീര വികസന വകുപ്പ്,14 ജില്ലകളിലെയും കുടുംബശ്രീ യൂണിറ്റുകള്‍,ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ ഭക്ഷ്യമേളയുടെ ഭാഗമാകും.
പഴങ്കഞ്ഞി മുതൽ ഉണക്കമീൻ വിഭവങ്ങൾ വരെയുള്ള കേരളത്തിലെ പരമ്പരാഗത ഭക്ഷണങ്ങള്‍ ആസ്വദിക്കാൻ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവമായ നൊസ്റ്റാൾജിയ,ഉറുമ്പുചമ്മന്തി മുതൽ കിഴങ്ങു വിഭവങ്ങൾ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളജിലെ എത്നിക് ഫുഡ് ഫെസ്റ്റ് എന്നിവ ഭക്ഷ്യമേളയുടെ സവിശേഷതയാണ്.യൂണിവേഴ്സിറ്റി കോളേജ് മുതൽ വാൻറോസ് ജംഗ്ഷൻ വരെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലും അരങ്ങേറും.
രുചി പാരമ്പര്യത്താല്‍  പ്രശസ്തമായ കേരളത്തിലെ റെസ്റ്റോറന്റുകളുടെ പ്രാതിനിധ്യവും ഭക്ഷ്യമേളയിൽ ഉണ്ടാകും.ഷെഫ് പിള്ള,ആബിദ റഷീദ്,ഫിറോസ് ചുട്ടിപ്പാറ, പഴയിടം മോഹനൻ നമ്പൂതിരി എന്നിവരെപ്പോലെ ജനപ്രിയ പാചകവിദഗ്ധരുടെ ലൈവ് ഫുഡ്ഷോയും ഭക്ഷ്യമേളയെ വ്യത്യസ്തമാക്കും.ഭക്ഷ്യമേള കമ്മിറ്റി കൺവീനർ ശിഖ സുരേന്ദ്രൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

date