Skip to main content

ജില്ലയിലെ വെളളക്കെട്ട് പരിഹരിക്കാൻ ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാൻ

*അടിയന്തര പ്രവർത്തികൾക്കായി നൂറ് ദിന കർമ്മപദ്ധതി
*പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകളുടെ ആഴം കൂട്ടും
*നഗരപ്രദേശത്തെ വെള്ളക്കെട്ടിന് തമ്പാനൂർ-പഴവങ്ങാടി മാതൃകയിൽ പരിഹാരം
*കെ.ആർ.എഫ്.ബി, സ്മാർട്ട് സിറ്റി റോഡുകളുടെ പണി ഉടൻ പുനരാരംഭിക്കും
*മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഫ്‌ളഡ് പ്രിവൻഷൻ ആക്ഷന് പ്ലാൻ തയാറാക്കി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി പൂർത്തീകരിക്കേണ്ടുന്ന പ്രവർത്തികളുൾപ്പെടുത്തി നൂറ് ദിന കർമ്മ പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടുന്ന പദ്ധതികളും ഉൾപ്പെടുന്നതാണ് ആക്ഷൻപ്ലാൻ. തൈക്കാട് ഗസ്റ്റ് ഹൗസിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജില്ലയുടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകുന്ന പദ്ധതികൾക്ക് രൂപം നൽകിയത്.  

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആമയിഴഞ്ചാൻ, പട്ടം, ഉള്ളൂർ ഉൾപ്പെടെയുള്ള തോടുകൾ വൃത്തിയാക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിന് സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ മന്ത്രി ചുമതലപ്പെടുത്തി. കെ.ആർഎഫ്ബി, സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായ  81 റോഡുകളിലേയും ഓടകൾ ഒരാഴ്ചക്കുള്ളിൽ വൃത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ, നാഷണൽ ഹൈവേ എന്നിവയുടെ ഓടകളും അടിയന്തരമായി വൃത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കഴിഞ്ഞ മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട  321 ധനസഹായ അപേക്ഷകളിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ ചുമതലപ്പെടുത്തി.  വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കർമ്മപദ്ധതിയിലുൾപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി ആന്റണി രാജു വകുപ്പുകളോട് നിർദേശിച്ചു.  പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകളുടെ ഡി-സിൽറ്റിങ് പ്രവർത്തികൾ പൂർത്തിയാകുന്നതോടെ നഗരപ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുമെന്നും തമ്പാനൂർ -പഴവങ്ങാടി മാതൃകയിൽ ശാസ്ത്രീയ പരിഹാരത്തിനുള്ള കർമ്മപദ്ധതിക്കാണ് ഇപ്പോൾ രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു. ഫ്‌ളൈ ഓവർ നിർമാണത്തെ തുടർന്ന് ചാക്ക -ഈഞ്ചക്കൽ ബൈപാസ് റോഡിലെ ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.

ദീർഘകാലമായി തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്ന റോഡുകളുടെ പണികൾ പുനരാരംഭിക്കും. ചാല ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റി റോഡുകളുടെയും വഴുതക്കാട്, അട്ടക്കുളങ്ങര ഉൾപ്പെടുന്ന കെ.ആർ.എഫ്.ബി റോഡുകളുടെയും ടെൻഡർ നടപടികളെല്ലാം പൂർത്തിയായതായി മന്ത്രി അറിയിച്ചു. മെയ്, ജൂൺ മാസത്തോടെ ഈ റോഡുകളുടെ നവീകരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയ്ക്ക് കീഴിലുള്ള റോഡുകളിലെ ഓടകൾ ഒരാഴ്ചക്കകം വൃത്തിയാക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. എല്ലാ വാർഡുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകി. നഗരസഭാ പദ്ധതികളായ അമൃത്, സ്മാർട്ട് സിറ്റി എന്നിവയിലുൾപ്പെടുത്തി ആറ് കോടി രൂപ വിനിയോഗിച്ച് സക്കിംഗ് കം ജെറ്റിംഗ് മെഷീനുകൾ വാങ്ങാൻ തീരുമാനമായതായി മേയർ അറിയിച്ചു. മാൻഹോളുകളിലേക്ക് അനധികൃതമായി നൽകിയിരിക്കുന്ന കണക്ഷനുകൾ കണ്ടെത്തുന്നതിന് സ്ഥാപനങ്ങളിലും വീടുകളിലും നഗരസഭയും വാട്ടർ അതോറിറ്റിയും സംയുക്തമായി സർവേ നടത്തും. തോടുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിന് എ.ഐ ക്യാമറ സ്ഥാപിക്കും. മഴവെള്ള സംഭരണം ഉൾപ്പെടെയുള്ള ക്യാമ്പയിനുകൾ ശക്തമാക്കും. പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.

ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട പ്രവർത്തികൾ ജില്ലാ കളക്ടർ നിരീക്ഷിച്ച് പ്രതിവാര റിപ്പോർട്ട് മന്ത്രിമാർക്ക് സമർപ്പിക്കും.

നൂറ് ദിന കർമ്മ പദ്ധതിയിലുൾപ്പെട്ട പ്രവർത്തികൾ

പട്ടം, ഉള്ളൂർ ആമയിഴഞ്ചാൻ തോടുകളിൽ നിന്നും 1.50 ലക്ഷം ക്യുബിക് മീറ്റർ സിൽറ്റ് നീക്കം ചെയ്ത് ആഴം കൂട്ടും. 2024 ജനുവരി 31ഓടെ പ്രവൃത്തി പൂർത്തിയാക്കും. ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടിയും പട്ടം തോട് നവീകരണത്തിന് 4.8 കോടിയും ഉള്ളൂർ തോട് നവീകരണത്തിന് 9 കോടിരൂപയും നീക്കിവെച്ചു. മേജർ,  മൈനർ ഇറിഗേഷൻ വകുപ്പുകളുടെ മേൽനോട്ടത്തിൽ പ്രവർത്തി നൂറ് ദിവസത്തിനകം പൂർത്തിയാക്കും. തോടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഓട്ടോമാറ്റിക് റിയൽടൈം വാട്ടർ ലെവൽ മോണിറ്ററിങ് ആൻഡ് അലർട്ടിങ് സംവിധാനം നടപ്പാക്കും.ഇതുവഴി ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനാകും. ആക്ഷൻപ്ലാൻ പുരോഗതി നിരീക്ഷിക്കുന്നതിനും തോടുകളിലെ കയ്യേറ്റം ഒഴിപ്പിച്ച് സംഭരണ ശേഷി പുന:സ്ഥാപിക്കുന്നതിനും സബ്കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ടീമിന് രൂപം നൽകി.

ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തികൾ

പട്ടം, ഉള്ളൂർ, കുന്നുകുഴി തോടുകളുടെ വീതി പുനസ്ഥാപിക്കൽ, സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തികൾ നടപ്പാക്കും.  തെറ്റിയാർ തോടിലെ വെള്ളപ്പൊക്കം സംബന്ധിച്ച് മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോടിന്റെ വീതി പുനസ്ഥാപിക്കുന്നതിനും നീരൊഴുക്കിന് തടസമായ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചു മാറ്റുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. തെറ്റിയാർ തോടിന്റെ ഫ്‌ളഡ് ബേസിന്റെ വിപുലീകരണവും ടെക്‌നോപാർക്കിലെ ജലസംഭരണ പ്രവർത്തനങ്ങളും പൂർത്തീകരിച്ച് ടെക്‌നോപാർക്കിലെ വെള്ളപ്പൊക്ക സാധ്യത തടയും.

കരമന,കിള്ളി, വാമനപുരം നദികളുടെ സംരക്ഷണഭിത്തിയുൾപ്പെടെയുള്ള പ്രവർത്തികൾ പൂർത്തീകരിക്കും. അരുവിക്കര ഡാം, ആക്കുളം കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിലെ ഡീ സിൽറ്റേഷൻ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ പൂർത്തിയാക്കും. വേളി പൊഴിയിൽ ശാസ്ത്രീയ രീതിയിലുള്ള ഡിസ്ചാർജ് റെഗുലേറ്റർ നിർമിക്കും. കായലിൽ നിന്ന് കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും തിരികെ വെള്ളം കായലിലേക്ക് കയറുന്നത് തടയാനും ഇതുവഴി സാധിക്കും. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ജിഐഎസ് അടിസ്ഥാനമാക്കി മാസ്റ്റർ പ്ലാൻ തയാറാക്കും.

ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനിൽ ജോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹൻ എന്നിവരും റവന്യൂ, പൊതുമരാമത്ത്, മേജർ, മൈനർ ഇറിഗേഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും അവലോകനയോഗത്തിൽ പങ്കെടുത്തു.

date