Skip to main content

നവകേരള സദസ്സ് : ജില്ലയിലെ തയാറെടുപ്പുകൾ വിലയിരുത്തി

നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മുന്നൊരുക്കങ്ങൾ മന്ത്രിതല സംഘം വിലയിരുത്തി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ജി.സ്റ്റീഫൻ,വി.ശശി, ഐ.ബി സതീഷ്, കെ.ആൻസലൻ, ഒ.എസ് അംബിക, ഡി.കെ മുരളി, വി.ജോയി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം ജെ.അനിൽ ജോസ് മണ്ഡലതല സംഘാടക സമിതി കൺവീനർമാർ എന്നിവരും പങ്കെടുത്തു.

ജില്ലയിലെ പ്രഭാത യോഗങ്ങൾ, നവകേരള സദസ്സ് സംഘടിപ്പിക്കുന്ന സ്ഥലങ്ങൾ, സബ് കമ്മിറ്റികളുടെ വിവരങ്ങൾ, വീട്ട് മുറ്റയോഗങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. മണ്ഡലതല സംഘാടക സമിതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നവംബർ മൂന്ന് , നാല് തിയതികളിൽ മന്ത്രിമാരും ജില്ലാ കളക്ടറും നിയോജകമണ്ഡലങ്ങൾ സന്ദർശിക്കും.

ഡിസംബർ 20 മുതൽ 24 വരെയാണ് ജില്ലയിലെ നവകേരള സദസ്സ്. ഡിസംബർ 20ന് വർക്കല നിയോജമണ്ഡലത്തിൽ നിന്നുമാരംഭിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ പര്യടനം ഡിസംബർ 24ന് തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണ് സമാപിക്കുന്നത്. സെൻട്രൽ സ്റ്റേഡിയമാണ് നവകേരള സദസ്സിന്റെ സമാപനത്തിന് വേദിയാകുന്നത്. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ വേദികളിലുണ്ടായിരിക്കും. പ്രമുഖ വ്യക്തികളുമായുള്ള സംവാദവും നവകേരള സദസ്സിന്റെ ഭാഗമായി നടക്കും.

date