Skip to main content

കേരളത്തിന്റെ വൈവിധ്യങ്ങളുടെ ചുവടുവയ്പായി എലഗൻസ് ഷോ

നിശാഗന്ധിയുടെ സന്ധ്യക്ക് കേരളത്തിന്റെ നിറവും  തിളക്കവും അഭിമാനവും പകർന്ന ചുവടുകളുമായി കേരളം എലഗൻസ് ഷോ. കേരളത്തിന്റെ നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് നാളെ(നവംബർ 1 ) മുതൽ തിരുവനന്തപുരം നഗരത്തിൽ അരങ്ങേറുന്ന കേരളീയത്തിന്റെ പ്രചാരണാർഥം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് കേരള എലഗൻസ് ഷോ വേറിട്ട ചുവടുവയ്പ് നടത്തിയത്.
കേരളത്തിന്റെ തനത് ആഭരണ-വസ്ത്ര രീതികളുൾപ്പെടുത്തിയും കേരളസമൂഹത്തിന്റെ വൈവിധ്യത്തിന്റെ അഭിമാന നിറങ്ങളണിഞ്ഞും മോഡലുകൾ മുതൽ കുഞ്ഞുങ്ങൾ വരെ നിശാഗന്ധിയിലെ റാമ്പിൽ ചുവടു വച്ചു.റാമ്പിൽ വീൽചെയറിൽ എത്തിയ ഭിന്നശേഷിക്കാരനും കൃത്രിമക്കാലിൽ ചുവടുകൾ വച്ച പുരുഷ മോഡലും വിദ്യാ കിരണം പദ്ധതിയെ പ്രതിനിധീകരിച്ച് എത്തിയ കോട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർഥിനികളും ആർദ്രം പദ്ധതിയുടെ ഭാഗമായ ആരോഗ്യ പ്രവർത്തകയും മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിതകർമസേനാംഗങ്ങളും റാമ്പിലെ സവിശേഷ സാന്നിധ്യമായി.
കൈത്തറി വസ്ത്രങ്ങളിൽ കേരളത്തിന്റെ സംസ്‌കാരം,ചരിത്രം എന്നിവ ഉൾപ്പെടുത്തിയാണ്  എലഗൻസ് ഷോ ഒരുക്കിയത്.അക്കാദമിക് വിദഗ്ധയും ഗവേഷകയും സംഗീതകാരിയുമായ സുമംഗല ദാമോദരൻ അവതരിപ്പിച്ച സംഗീത വിരുന്ന് എലഗൻസ് ഷോയ്ക്ക് മുന്നോടിയായി അരങ്ങേറി. മുൻ മുഖ്യമന്ത്രി ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ചെറുമകൾ കൂടിയായ സുമംഗല ദാമോദരന്  കേരളീയത്തിന്റെ ഉപഹാരം സമ്മാനിച്ചു. സുമംഗലയുടെ അമ്മയും ഇം എം.എസിന്റെ മകളുമായ ഡോ. മാലതി ദാമോദരൻ വീൽ ചെയറിൽ വേദിയിലെത്തിയാണ് മകൾക്ക് കേരളീയത്തിന്റെ ലോഗോ മുദ്രണം ചെയ്ത ഉപഹാരം സമ്മാനിച്ചത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ ഷാജി എൻ കരുൺ കേരള എലഗൻസ് ഷോ ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ,പി. എസ്.സി.അംഗം ആർ.പാർവതി ദേവി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  അഖിൽ കെ. ഉദയ് ആണ് കേരള എലഗെന്റ് ഷോ ക്യൂറേറ്റ് ചെയ്തത്.

date