Skip to main content

എൻ ആർ ഐ സമ്മിറ്റ്: ആദ്യദിനം 1404 കോടി രൂപയുടെ നിക്ഷേപം

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവാസി നിക്ഷേപ സംഗമം, എൻആർഐ സമ്മിറ്റിന്റെ ആദ്യദിനം 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകർ മുന്നോട്ടുവന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായിക കാർഷിക മേഖലയിലേക്ക് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് ആദ്യദിനം മുന്നോട്ടുവന്നത്.
ഫാദിൽ ഗ്രൂപ്പ് ഓഫ് കമ്പനി, കാദിരി ഗ്രൂപ്പ്, വെയ്ക്, രാഗ് ഗ്ലോബൽ ബിസിനസ് ഹബ്, പ്രോപ്സോൾവ്, കണ്ണൂർ ഗ്ലോബൽ പ്ലൈവുഡ് കൺസോഷ്യം തുടങ്ങിയ 38 സംരംഭകരാണ് പദ്ധതികളുമായി മുന്നോട്ടുവന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനു പരിസരം ഹോട്ടലും വാണിജ്യസമുച്ചയങ്ങൾക്കുമായി 300 കോടിയുടെ സംരംഭം കണ്ണൂർ വിമാനത്താവള ഡയരക്ടർ ഹസൻകുഞ്ഞി ആരംഭിക്കുമെന്ന് അറിയിച്ചെന്നും ദിവ്യ പറഞ്ഞു.
ജില്ലയിൽ മികച്ച കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ മൂന്നോളം സംരംഭകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രീമിയം ലവൽ ലേഡീസ് ഹോസ്റ്റൽ, മരവ്യവസായ ക്ലസ്റ്റർ, ഐ.ടി, കാർഷികം, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്താൻ പലവ്യവസായികളും തൽപര്യം പ്രകടിപ്പിച്ചു.
പുതുതായി 12 പദ്ധതികൾ  തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ  പുരോഗമിക്കുന്നുണ്ട്.
രണ്ടാംദിനമായ ചൊവ്വാഴ്ച ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ഒരുപാട് പേർ ഭൂമി കൈമാറാൻ സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. ജില്ലയിൽ ലാന്റ് ബാങ്ക്  ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണെന്നും പി പി ദിവ്യ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ കെ രത്നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, വ്യവസായവകുപ്പ് ജില്ലാ ജനറൽ മാനേജർ എ എസ് ഷിറാസ്, മാനേജർ പി വി രവീന്ദ്രകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സംരംഭകരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം 280 പേരാണ് ആദ്യദിനം എൻ ആർ സമ്മിറ്റിൽ പങ്കെടുത്തത്

date