Skip to main content

എന്‍ ആര്‍ ഐ സമ്മിറ്റ്: വ്യവസായ വികസന സാധ്യതകള്‍ അവതരിപ്പിച്ച് സെഷനുകള്‍

വ്യവസായ വികസന സാധ്യതകള്‍ അവതരിപ്പിച്ച് എന്‍ ആര്‍ ഐ സമ്മിറ്റിലെ വിവിധ സെഷനുകള്‍. എന്‍ ആര്‍ ഐകള്‍ക്കും പ്രാദേശിക പങ്കാളികള്‍ക്കും വിജ്ഞാനപ്രദമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ വ്യവസായ നയങ്ങളും പദ്ധതികളും, കാര്‍ഷിക-ഭക്ഷ്യ വ്യവസായത്തിനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികള്‍, സ്‌കേലബിള്‍ ബിസിനസ് മോഡല്‍സ് ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം എന്ന വിഷയത്തില്‍ ഡിസ്‌കഷന്‍ പാനല്‍ എന്നിവയാണ് സമ്മിറ്റിന്റെ ആദ്യ സെഷനില്‍ അരങ്ങേറിയത്.
സംരംഭകരും നിക്ഷേപകരുമാവാന്‍ താല്പര്യമുള്ള പ്രവാസികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായാണ് എന്‍ ആര്‍ ഐ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

കാര്‍ഷിക, ഭക്ഷ്യ വ്യവസായത്തിനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ എന്ന വിഷയത്തില്‍ പ്രൊഫ വി പദ്മാനന്ദ് ക്ലാസ്സെടുത്തു. ഈ മേഖലയില്‍ നിക്ഷേപിക്കാന്‍ തയ്യാറായവര്‍ക്ക് പ്രചോദനമായിരുന്നു ക്ലാസ്.
കേരളത്തിലെ വ്യാവസായിക നയങ്ങളും പദ്ധതികളും എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് ക്ലാസ്സെടുത്തു. സമ്മിറ്റ് സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശവും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന സഹായ സേവനങ്ങളും  അദ്ദേഹം വ്യക്തമാക്കി. പ്രധാനമായും കാര്‍ഷികം, പ്ലൈവുഡ് വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, ക്ഷേമം, ആരോഗ്യം തുടങ്ങിയ പ്രൊപ്പോസലുകളാണ് ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡയറക്ടര്‍ ഓപ്പറേഷന്‍സ് കാര്‍ത്തിക് പരശുറാം, ഫ്രഷ് റ്റു ഹോം സിഇഒ മാത്യു ജോസഫ്, ക്ലാസിക് സ്‌പോര്‍ട്‌സ് ഗുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ലിസ മായന്‍ എന്നിവരാണ് ചർച്ചാ പാനലിലുണ്ടായത്. മലബാര്‍ ഇന്നൊവേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് സോണ്‍ എം ഡി സുഭാഷ് ബാബു കെ മോഡറേറ്ററായി

date