Skip to main content

എന്‍ ആര്‍ ഐ സമ്മിറ്റിന് തുടക്കം കണ്ണൂരിന്റെ സവിശേഷ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി പി രാജീവ്

നിക്ഷേപക സാധ്യതകളേറെയുള്ള ഇടമാണ് കണ്ണൂരെന്നും ആ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും കഴിയണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച പ്രവാസി നിക്ഷേപക സംഗമം എന്‍ആര്‍ഐ സമ്മിറ്റ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല രീതിയിലുള്ള വ്യവസായ അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തി നാല്‍പതിനായിരം എം എസ് എം ഇകള്‍ സംസ്ഥാനത്ത് തുടങ്ങി. ജില്ലകളില്‍ എം എസ് എം ഇ ക്ലിനിക്കുകള്‍ സ്ഥാപിച്ച് സഹായങ്ങള്‍ നല്‍കി വരുന്നു. പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ 4 ശതമാനം പലിശ നിരക്കില്‍ നല്‍കി വരുന്നതായും നായനാര്‍ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ മന്ത്രി പി രാജീവ് പറഞ്ഞു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കോട് തുറമുഖം, മംഗലാപുരം വിമാനത്താവളം എന്നിവയുടെ സാന്നിധ്യം, വികസിച്ച് വരുന്ന ദേശീയപാതാ ശൃംഖല, സ്ഥല ലഭ്യത എന്നിവ വടക്കന്‍ കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ വ്യവസായ നിക്ഷേപ സംരംഭകത്വ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മട്ടന്നൂര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ വ്യവസായങ്ങള്‍ക്ക് സ്ഥലം ലഭ്യമാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. മന്ത്രി പറഞ്ഞു.

അമ്പത് കോടി രൂപ വരെയുള്ള നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാതെ മൂന്ന് മാസം വരെ പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ അനുമതിയുണ്ട്. അമ്പത് കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുളള സംരംഭങ്ങള്‍ക്ക് രേഖകള്‍ എല്ലാം സമര്‍പ്പിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് ലഭ്യമാക്കും. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പരാതി പരിഹാര സമിതിയും പ്രവര്‍ത്തനസജ്ജമാണ്. പരാതിയിന്മേല്‍ 30 ദിവസത്തിനകം തീരുമാനം കൈകൊള്ളും. 15 ദിവസത്തിനകം സമിതി തീരുമാനം നടപ്പില്‍ വരുത്തും. അത് എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ബാധകമാണ്. തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ പരമാവധി പതിനായിരം രൂപ പിഴ ചുമത്തും അച്ചടക്ക നടപടിയുമുണ്ടാവും. മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. പതിനഞ്ച് പാര്‍ക്കുകളാണ് ഇത്തരത്തില്‍ തുടങ്ങുന്നത്. ഇതില്‍ കണ്ണൂരിലും പാലക്കാടും രണ്ട് പാര്‍ക്കുകള്‍ ഉദ്ഘാടന സജ്ജമായിക്കഴിഞ്ഞു. പതിനഞ്ച് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടെ അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ക്യാമ്പസുകളോട് ചേര്‍ന്ന് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങാനും സംസ്ഥാനത്ത് സൗകര്യമുണ്ട്. ഇരുപത്തിരണ്ട് മുന്‍ഗണനാ മേഖലകളാണ് വ്യവസായ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.  ഈ വിഭാഗത്തില്‍ അമ്പത് കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സംസ്ഥാന ജി എസ് ടി റീഇമ്പേഴ്സ് നല്‍കും. ഇത്തരത്തില്‍ ആകര്‍ഷകമായ പാക്കേജുകളാണ് പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വ്യവസായ വകുപ്പും സംസ്ഥാന സര്‍ക്കാറും കേരളത്തില്‍ ഒരുക്കുന്നതെന്നും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരും സംരംഭകരും തയ്യാറാകണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ വ്യവസായ അന്തരീക്ഷം ഏറെ മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സമ്മിറ്റിന്റെ ഭാഗമായി നിക്ഷേപ സംരംഭങ്ങള്‍ക്ക് ലെയ്സണ്‍ ഓഫീസറെ നല്‍കുമെന്ന തീരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം, നിര്‍മ്മാണമാരംഭിക്കാന്‍ പോകുന്ന അഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ട്, മട്ടന്നൂര്‍ മണ്ഡലത്തിലെ അന്താരാഷ്ട്ര ആയൂര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി തുടങ്ങിയവ ജില്ലയിലെ നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡോ.വി ശിവദാസന്‍ എം പി, എംഎല്‍എമാരായ കെ കെ ശൈലജ, കെ പി മോഹനന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, നോര്‍ക്ക ഡയരക്ടര്‍ ഒ വി മുസ്തഫ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ.ടി സരള, അഡ്വ. കെ കെ രത്നകുമാരി, വി കെ സുരേഷ്ബാബു, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, ഹാന്‍വീവ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, എല്‍ എസ് ജി ഡി ജോ. ഡയരക്ടര്‍ ടി ജെ അരുണ്‍. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എവി അബ്ദുള്‍ ലത്തീഫ്, മുന്‍ എം എല്‍ എ എം വി ജയരാജന്‍, ലീഡ് ബാങ്ക് മാനേജര്‍ ഇ പ്രശാന്ത്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മാര്‍ട്ടിന്‍ ജോര്‍ജ്, കിയാല്‍ ഡയരക്ടര്‍ ഹസ്സന്‍ കുഞ്ഞി, കെ എസ് എസ് ഐ എ പ്രസിഡണ്ട് ജീവരാജ് നമ്പ്യാര്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി കെ രമേഷ് കുമാര്‍, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ട് എംഡി സി ദിനേഷ് കുമാര്‍, വിസ്മയ പാര്‍ക്ക് ചെയര്‍മാന്‍ പി വി ഗോപിനാഥ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് എന്നിവര്‍ പങ്കെടുത്തു.
 

date