Skip to main content

ദേശീയ ആയുർവേദ ദിനാചരണം: "ആയുർവേദ ഫോർ വൺ ഹെൽത്ത്" സന്ദേശത്തോടെ പരിപാടികൾ സംഘടിപ്പിക്കും

 

ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ   ആയുർവേദ ദിനവുമായി ബന്ധപ്പെട്ട് ദേശീയ ആയുർവേദ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും.  ആയുർവേദ പ്രചാരണം എല്ലാം ജനങ്ങളിലും എത്തിക്കുന്നതിനായി "ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും" എന്ന ടാഗ് ലൈനിൽ "ആയുർവേദ ഫോർ വൺ ഹെൽത്ത്" എന്ന സന്ദേശമാണ് ഈ വർഷം പ്രചരിപ്പിക്കുന്നത്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും മറ്റ് അംഗീകൃത സംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും  ദേശീയ ആയുർവേദ ദിന പരിപാടികൾ സംഘടിപ്പിക്കും.

ആയുർവേദ ദിനമായ നവംബർ 10ന് സംസ്ഥാനതലത്തിൽ വിവിധ ആയുർവേദ വിഭാഗങ്ങൾ സംയോജിച്ച്  പൊതു പരിപാടികൾ നടത്തും. ആഴ്ചയിൽ ഒരു ദിവസം സംസ്ഥാനത്തെ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും ജീവിതശൈലി രോഗങ്ങൾക്കായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. സ്കൂൾ, കോളേജ് തലത്തിൽ ആയുർവേദത്തെക്കുറിച്ച് അവബോധ ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കും. ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനം നൽകും.

"ആയുർവേദം എൻ്റെ ജീവിതത്തിൽ " എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടികൾ ഓരോ ജില്ലകളിലും നടത്തും. ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കൾ, മില്ലറ്റ്, ഭക്ഷണം തുടങ്ങിയവ ആയുർവേദ പ്രയോജനങ്ങൾ ഉൾപ്പെടുത്തി വിശദീകരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ റാലിയും എല്ലാ സ്ഥാപനങ്ങളും  പൊതുജനങ്ങളെ ഉൾപ്പെടുത്തി അഞ്ച് ക്ലാസുകൾ വീതവും സംഘടിപ്പിക്കും.  മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുന്ന പരിപാടികളും നടത്തും. 

പൊതുജന പങ്കാളിത്തത്തോടെ നവംബർ 15 വരെ  സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്. പ്രീയ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ. എ സോണിയ, നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ. നൗഷാദ് എന്നിവർ നേതൃത്വം നൽകും.

date