Skip to main content

വരട്ടാര്‍, കോലറയാര്‍, പള്ളിക്കലാര്‍ : അതിര്‍ത്തി നിര്‍ണയം  ഡിസംബര്‍ 11 ന് അകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍

     ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വരട്ടാര്‍, കോലറയാര്‍, പള്ളിക്കലാര്‍ എന്നിവയുടെ പുനരുജ്ജീവന പ്രവര്‍ത്തികളുടെ ഭാഗമായി പുഴകളുടെ അതിര്‍ത്തി നിര്‍ണയം ഡിസംബര്‍ 11ന് അകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക് ടര്‍ ആര്‍ ഗിരിജ അറിയിച്ചു.  ആര്‍ ഡി ഒ മാര്‍, റവന്യൂ അധികൃതര്‍, സര്‍വെയര്‍മാര്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മുന്‍പ് അതിര്‍ത്തി നിര്‍ണയിച്ച സ്ഥലങ്ങളില്‍ കല്ലുകള്‍ പുനസ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. പഞ്ചായത്തുകളില്‍ സര്‍വെയര്‍മാര്‍ എത്തുന്നത് റവന്യൂ അധികൃതര്‍ അതത് പഞ്ചായത്ത് അധികൃതരെ അറിയിക്കും. പഞ്ചായത്ത് അധികൃതര്‍ കാട് വെട്ടിത്തെളിച്ച് സ്ഥലത്ത് സര്‍വേകല്ലുകള്‍ ലഭ്യമാക്കണം. ആര്‍ ഡി ഒ മാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ടവരുടെ യോഗം  വിളിച്ചു ചേര്‍ത്ത് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പരിശോധിക്കും. 
    ധനമന്ത്രി തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് എംഎല്‍എമാരുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ വരട്ടാറിനെയും കോലറയാറിനെയും പള്ളിക്കലാറിനെയും വീണ്ടെടുക്കുന്നതിനുള്ള ജനകീയ മുന്നേറ്റമുണ്ടായത്. മണിമലയാറിനെയും പമ്പാ നദിയെയും ബന്ധിപ്പിക്കുന്ന ഒന്‍പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് വരട്ടാര്‍. പമ്പയിലെ പുതുക്കുളങ്ങരയില്‍ തുടങ്ങി ആലപ്പുഴ ജില്ലയില്‍ മണിമലയാറില്‍ വാളത്തോട്ടിലാണ് വരട്ടാര്‍ ചേരുന്നത്. ഒഴുക്ക് നിലച്ച് മൃതാവസ്ഥയിലായിരുന്ന വരട്ടാറിനെ ജനകീയ മുന്നേറ്റത്തിലൂടെയാണ് പുനരുജ്ജീവിപ്പിച്ചത്. കാലവര്‍ഷത്തില്‍ വരട്ടാര്‍ നിറഞ്ഞൊഴുകിയത് നാടിന്‍റെ ഉത്സവമായി മാറിയിരുന്നു. 
ജില്ലയിലെ കടപ്ര പഞ്ചായത്തിലുള്ള അറയ്ക്കല്‍ മുയപ്പില്‍നിന്നും ആരംഭിച്ച് കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ ഏതാണ്ട് പതിനൊന്നു കിലോമീറ്റര്‍ ദൂരം താണ്ടി അരീത്തോട്ടിലെത്തിച്ചേരുന്ന പമ്പയുടെ കൈവഴിയാണ് കോലറയാര്‍. വ്യത്യസ്ത ഭാഗങ്ങളിലായി 12 മുതല്‍ 72 വരെ മീറ്റര്‍ വീതിയാണ് ആറിനുള്ളത്. വരട്ടാര്‍ പോലെ അമിതമായ മണലൂറ്റും കയ്യേറ്റങ്ങളും തന്നെയാണ് കോലറയാറിനേയും മൃതാവസ്ഥയിലെത്തിച്ചത്. നിരണം പഞ്ചായത്തിലുള്ള രണ്ടായിരത്തോളം ഏക്കര്‍ പാടശേഖരങ്ങളിലേക്കുള്ള തോടുകളെല്ലാം ഉത്ഭവിച്ചിരുത് കോലറയാറില്‍നിന്നായിരുന്നു. കോലറയാറിന്‍റെ ദുരവസ്ഥ പാടശേഖരങ്ങളിലെ കൃഷിയേയും ഏറെപ്രതികൂലമായി ബാധിച്ചു. 
    പത്തനംതിട്ട-കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പള്ളിക്കലാര്‍ ഏഴംകുളം പഞ്ചായത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അടൂര്‍ നഗരസഭ, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് പള്ളിക്കലാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അടൂര്‍, കുന്നത്തൂര്‍ മണ്ഡലങ്ങളിലായി 30 കിലോമീറ്ററിലധികം ദൂരത്തിലാണ് പള്ളിക്കലാര്‍ ഒഴുകുന്നത്. യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ എം.എ. റഹീം, തിരുവല്ല ആര്‍ഡിഒ വിനീത്, സര്‍വേ ഡെപ്യുട്ടി ഡയറക്ടര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3146/17) 

date