Skip to main content
mattannur

വികസനരംഗത്ത്  നവകേരള ബദൽ സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

വികസനരംഗത്ത് ഒരു നവ കേരള ബദൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം പൊതുമരാമത്ത്  വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിന്റെ തുടക്കമായാണ്  ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സ് ആസൂത്രണം ചെയ്തത്.
പല ബഹിഷ്കരണ ആഹ്വാനങ്ങളെയും  ജനങ്ങൾ എങ്ങനെയാണ് തട്ടി മാറ്റി മുന്നോട്ടുപോകുന്നത് എന്നതിന്റെ ഉദാഹരണമാണ്  മട്ടന്നൂരിൽ തടിച്ചുകൂടിയ ജനസാഗരം.
കേരളം അഭിമുഖീകരിക്കുന്ന പല പ്രധാന വിഷയങ്ങളെയും  പരിഹരിക്കാനുള്ള നയങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.അതിൽ ഒന്നാണ് ദേശീയപാത വികസനം. 2011-16 കാലയളവിൽ അന്നത്തെ സർക്കാർ ഉപേക്ഷിച്ചു പോയ ദേശീയ പാത വികസനം 2016 ന് ശേഷം ഏറ്റെടുക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറായി.ഭൂമി ഏറ്റെടുക്കാൻ തുക ചിലവിടേണ്ട കേന്ദ്രം വിമുഖത കാണിച്ചപ്പോൾ ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുക ഏറ്റെടുത്ത് നൽകാൻ കേരളം തയ്യാറായി. ഈ ഇനത്തിൽ കേരളം 5600 കോടി രൂപ ചെലവിട്ടു. 2025 ഓടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആറ് വരി ദേശീയ പാത യാഥാർഥ്യമാകും.
 ഈ രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ പല ശക്തികളും ശ്രമിക്കുന്നു. അവർ മഹാത്മാഗാന്ധിയുടെ വധം പാഠപുസ്തകങ്ങളിൽ നിന്ന് എടുത്തു മാറ്റുകയാണ്. മൗലാനാ അബ്ദുൽ കലാം ആസാദിനെക്കുറിച്ചും ചാൾസ് ഡാർവിനെക്കുറിച്ചും  പഠിക്കേണ്ടതില്ല എന്ന് വിധിയെഴുതുകയാണ്. എന്നാൽ ചരിത്രത്തെ മറച്ചുവയ്ക്കുന്ന ശ്രമങ്ങൾക്ക് ബദലായി കേരളം മാറുകയാണ്.
ഇവിടെ നവ കേരള സദസ്സിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ചിലർ ചാവേർ സമര രീതികളുമായി മുന്നോട്ടു പോവുകയാണ്. കുഴപ്പങ്ങൾ സൃഷ്ടിച്ച് നവകേരള സദസ്സിലേക്ക് വരുന്ന ആളുകളെ കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇവർക്ക് ഉള്ളത്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ  പതിനായിരങ്ങൾ ഒഴുകിയെത്തുന്നത്.നവ കേരള സദസ്സുകൾ ഇടതുപക്ഷ സർക്കാറിനെ കരുത്തോടെ മുന്നോട്ട് നയിക്കാനുള്ള ഊർജ്ജം പകരുകയാണെന്നും മന്ത്രി പറഞ്ഞു.

2025 ലെ കേരളപ്പിറവിയോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും: മന്ത്രി കെ രാജൻ 

അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നത് വെറും വാക്കല്ലെന്നും 2025 ലെ കേരളപ്പിറവി ദിനത്തിൽ ഈ ലക്ഷ്യം യാഥാർഥ്യമാക്കുമെന്നും റവന്യു ഭവന വകുപ്പ് മന്ത്രി കെ രാജൻ. മട്ടന്നൂർ മണ്ഡലം നവ കേരള സദസ്സ് വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  63006 പേരാണ് കേരളത്തിൽ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റും. നവകേരള സദസ്സിലൂടെ പരാതികൾ സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത്. പരാതി നൽകുന്നവർക്ക് അതിന്റെ തുടർനടപടികളെ പറ്റി കൃത്യമായ വിശകലനം നടത്താനും കഴിയും. സർക്കാരും വിവിധ വകുപ്പുകളും അതിനായി നിയോഗിക്കപ്പെട്ടവരാണെന്നുള്ള ബോധ്യമുള്ളവരാണ്. മണ്ഡലത്തിലും ജില്ലയിലും സംസ്ഥാനത്തുമായി തീർപ്പാക്കാൻ പറ്റുന്നവ വേഗത്തിൽ തന്നെ തീർപ്പാക്കും. ഏതെങ്കിലും വിധത്തിലുള്ള നിയമകുരുക്കിൽ പെട്ടവയോ മറ്റോ ആണെങ്കിൽ പ്രത്യേകമായി പരിഗണിച്ച് അതിനുള്ള പരിഹാരവും കണ്ടെത്തും. അതിന്റെ ഉദാഹരണമാണ് തളിപ്പറമ്പ് മണ്ഡലത്തിലെ മൊറാഴ വില്ലേജിലെ 135 കുടുംബങ്ങൾക്ക് ആറരപതിറ്റാണ്ടുകൾക്ക് ശേഷം പട്ടയം യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം, എന്നിവ നൽകാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട് . കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ബൃഹത്തായ പദ്ധതികൾ നടപ്പാക്കി വരികയാണ്. കോവിഡ് പ്രളയം നിപ്പ തുടങ്ങിയ ദുരന്തങ്ങളിൽ നിന്നെല്ലാം ഈ ജനതയെ കൈപിടിച്ചുയർത്തിയ സർക്കാരാണിത്. ഒരു ദുരന്തത്തിനും കേരള ജനതയെ വിട്ടു കൊടുക്കാനും തയ്യാറല്ല. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളും പ്രതിപക്ഷവും മുന്നോട്ടുവെക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മട്ടന്നൂരിലെ നിറഞ്ഞ  സദസ്സ്. ഈ വിശ്വാസവും പിന്തുണയുമാണ് സർക്കാരിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസ്സിലെ ജനസഞ്ചയം കേരള സർക്കാരിനെ ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവ് :മന്ത്രി അഹമ്മദ് ദേവർകോവിൽ

കേരളത്തിലെ സർക്കാരിനെ ജനങ്ങൾ നെഞ്ചേറ്റിയ കാഴ്ചയാണ് നവ കേരള സദസ്സിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെന്ന് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ച് അധികാരത്തിലേറിയ സർക്കാർ സർവ്വ മേഖലയിലും മുന്നേറ്റം സൃഷ്ടിക്കാനുള്ള നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.ഇവിടെ പല ശക്തികളും ഇതിനെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുകയാണ്. എന്നാൽ സത്യമെത്ര മറച്ചു പിടിച്ചാലും കൂടുതൽ കരുത്തോടെ ഇത് ജ്വലിച്ച് നിൽക്കും .ഈ സർക്കാരിൽ  ജനങ്ങൾ എത്രമാത്രം പ്രതീക്ഷയർപ്പിക്കുന്നു എന്നതിന്റെ തെളിവാണ് പല മണ്ഡലങ്ങളിലും തടിച്ചു കൂടിയ ജനാവലി എന്നും അദ്ദേഹം കൂട്ടി ചേർത്തു.

date