Skip to main content
koothuparamba

കേരളം സംരംഭക സൗഹൃദം: മന്ത്രി പി രാജീവ്

ബിസിനസ് അന്തരീക്ഷത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്ക് ചെയ്യുന്നതിനുള്ള ലോകബാങ്ക് സംരംഭമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിൽ കേരളത്തെ 15ാം റാങ്കിലേക്ക് എത്തിക്കാനായെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ 28ാം റാങ്കിലുണ്ടായിരുന്നതാണ് മെച്ചപ്പെടുത്തി 15 റാങ്കിലേക്ക് ഉയർത്താനായത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേരളത്തിൽ അനുകൂല സാഹചര്യമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കഴിഞ്ഞ സംരംഭക വർഷത്തിൽ 1.44 ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാനായി. തൊഴിലാളികൾക്ക് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൂലി നൽകുന്നത് കേരളത്തിലാണ്. കേരളത്തിൽ 764 രൂപയാണ് ശരാശരി കൂലി. മറ്റു സംസ്ഥാനങ്ങളിലേക്കാൾ മൂന്നിരട്ടിയിലധികം കൂടുതലാണ് കൂലി വർധനവ്. സമഗ്രമേഖലയിലും കുതിച്ചു ചാട്ടമാണ് കേരളത്തിലുണ്ടാകുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നു. യൂണിവേഴ്സിറ്റികളുടെ വികസനത്തിന് മാത്രം 245 കോടി രൂപയാണ് മാറ്റിവെക്കുന്നത്. സർവകലാശാലകൾ ഉന്നത നിലവാരത്തിലേക്ക് മാറുകയാണ്. വ്യവസായ മേഖലയിലും കേരളം ആകർശിക്കുന്നു. ഡിസംബറോടെ കേരളത്തിൽ 30 ഓളം വ്യവസായ പാർക്കുകൾ യാഥാർഥ്യമാകും. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല ആരംഭിച്ചു. സയൻസ് പാർക്കുകളുടെ പ്രവർത്തനം കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു. അവയവ മാറ്റത്തിന് വേണ്ടി മാത്രം കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ സർക്കാർ പോവുകയാണെന്നും പി രാജീവ് പറഞ്ഞു.

കേന്ദ്രം ബോധപൂർവ്വം ഫണ്ടുകൾ കുറക്കുന്നു: മന്ത്രി കൃഷ്ണൻകുട്ടി

കേന്ദ്രം വിവിധ വികസന പദ്ധതികൾക്കായുള്ള വിഹിതം ബോധപൂർവ്വം കുറക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.  കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒരു പ്രതിഷേധവും നടത്താൻ കേരളത്തിലെ പ്രതിപക്ഷ എം പിമാർ നടത്താൻ തയ്യാറാകുന്നില്ല. കാർഷിക മേഖലയിൽ ബജറ്റ് വിഹിതത്തിൽ 7468 കോടിയുടെ കുറവുണ്ടായി. കൃഷിക്കാരെ ഇതു കാര്യമായി ബാധിക്കും. ഗ്രാമവികസന വിഹിതത്തിൽ 32418 കോടിയുടെയും തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 38000 കോടിയുടെ കുറവാണുണ്ടായത്. ഇതൊക്കെ ബോധപൂർവമായാണ് കേന്ദ്രം നടത്തുന്നത്. ഫണ്ട് കുറഞ്ഞാൽ ഉൽപാദനം കുറയും. ഇതോടെ ഇറക്കുമതി ചെയ്തു കുത്തക മുതലാളികൾക്ക് സഹായം ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.

കേരളത്തിലേത് 25 വർഷത്തെ വികസന കാഴ്ച്ചപ്പാടുള്ള സർക്കാർ: മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലേത് ദീർഘവീക്ഷണമുള്ള സർക്കാരാണെന്നും 25 വർഷത്തെ വികസന കാഴ്ച്ചപ്പാടുമായാണ് മുന്നോട്ടു പോകുന്നതെന്നും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അഭിമാനകരമായ ഒത്തിരി നേട്ടങ്ങൾ നമുക്കുണ്ടാക്കാനായി. ഇനിയും ഏറെ മുന്നേറാനുണ്ട്. അതിൽ ജനങ്ങളുടെ അഭിപ്രായവും നിർദേശവും അറിയാനാണ് നവകേരള സദസ്സുകൾ നടത്തുന്നത്. ക്ഷേമ പ്രവർത്തനം മാത്രം നടത്തുന്ന സർക്കാരെന്ന ആക്ഷേപം നേരത്തെയുണ്ടായിരുന്നു. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അത്തരം പ്രവർത്തനം നടത്തിയത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ഏഴര വർഷക്കാലം അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വികസിപ്പിച്ചു. അസാധ്യമെന്ന് പറഞ്ഞ പലതും സാധ്യമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ധാനങ്ങൾ മറക്കാനുള്ളതല്ല, നടപ്പാക്കാനുള്ളതാണെന്ന് ഈ സർക്കാർ തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.

date