Skip to main content
panoor

പൊള്ളും വെയിലിലും പാനൂരിൽ ആവേശച്ചൂട്

പൊള്ളും വെയിലിലും ചോരാത്ത ആവേശവുമായി ജനം ഒഴുകി, മൈതാനവും പരിസരവും നിറഞ്ഞ് കവിഞ്ഞിട്ടും അണമുറിയാതെ അത് തുടർന്നു. ഒടുവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതോടെ ആവേശത്തിരയിളക്കം. പാനൂരിൽ നടന്ന കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സാണ് പങ്കാളിത്തംകൊണ്ട് ജനകീയോത്സവമായത്.
മണിക്കൂറുകൾക്ക് മുമ്പേ മൈതാനത്തേക്കുള്ള വരവ് തുടങ്ങി. 11 മണിയോടെ പ്രദേശം ജനസാഗരമായി. ഗ്രാമതാളം പൂക്കോടിന്റെ വനിത ശിങ്കാരിമേളം, ദേവാഞ്ജനയുടെ നാടോടി നൃത്തം, മൊകേരി രാജീവ്ഗാന്ധി ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികളുടെ ഒപ്പന, മാവിലേരി സരസ്വതി വിജയം യു പി സ്‌കൂളിന്റെ തിരുവാതിര, പായം ദാരാവീസിന്റെ ഗോത്ര നൃത്തം എന്നിവ ഉത്സവച്ഛായയേകി. പിന്നാലെ മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണൻകുട്ടി, കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗത്തിലൂടെ ഏവരെയും കേരളത്തിന്റെ വികസന വഴിയിലൂടെ കൊണ്ടുപോയി. പിന്നാലെ സഞ്ചരിച്ച വഴിയാകെ സ്വീകരണവും പുഷ്പവൃഷ്ടിയും ഏറ്റുവാങ്ങി മുഖ്യമന്തിയും മറ്റ് മന്ത്രിമാരും പാനൂരിലെത്തി. വാഹനം കണ്ടതോടെ റോഡരികിലും മൈതാനത്തും കാത്തിരുന്നവരിൽ ആഹ്ലാദവും ആവേശവും നിറഞ്ഞു. പിന്നെ മുഷ്ടിചുരുട്ടിയുള്ള മുദ്രാവാക്യം വിളികളായി. കൈവീശിയും പുഞ്ചിരിച്ചും അവർക്കിടയിലൂടെ മന്ത്രിമാർ ഇരിപ്പിടത്തിലെത്തി. ചെണ്ടമേളവും വിവിധ കഥകളി വേഷങ്ങളും അകമ്പടിയേകി. സംഘാടകർ ഉപഹാരം നൽകി സ്വീകരിച്ചു. പിന്നെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നിലക്കാത്ത കയ്യടി. മന്ത്രിമാർ മടങ്ങുമ്പോഴും ജനസാഗരം ഇരമ്പി.
സദസ്സിൽ രാവിലെ എട്ട് മണി മുതൽ പരാതി സ്വീകരിക്കാൻ 18 കൗണ്ടറുകൾ ഒരുക്കിയത് ഏവർക്കും ആശ്വാസമായി. നേരത്തെ നടന്ന ആദാലത്തുകളിൽ എത്താൻ കഴിയാത്തവർക്കും ഈ സൗകര്യം ഉപകരിച്ചു. ഭിന്നശേഷിക്കാർക്കും വയോധികർക്കും പ്രത്യേക പരിഗണന നൽകിയിരുന്നു. തുടർന്ന് കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടൻ തുള്ളൽ, വിദ്യാർഥികളുടെ നാടൻപാട്ട് എന്നിവ ആസ്വദിച്ചാണ് ജനം മടങ്ങിയത്. 
 

date