Skip to main content
kothuparamba panoor

നവകേരളസദസ്സിനെ ജനങ്ങൾ നെഞ്ചേറ്റി: മുഖ്യമന്ത്രി

ജനസാന്ദ്രമായി കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ് 

നവകേരള സദസ്സിനെ നെഞ്ചേറ്റിയ ജനങ്ങൾ വലിയൊരു പ്രവാഹമായാണ് ഓരോ സദസ്സിലേക്കും എത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് പാനൂർ വാഗ്ഭടാനന്ദ നഗറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ് തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സദസ്സിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നമ്മുടെ നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ്സ് മാറുകയാണ്. അതിനെ വില കുറച്ച് കാണരുത്. ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്.
ഏത് നല്ല കാര്യവും ഇവിടെ നടക്കാൻ പാടില്ലെന്നാണ് യുഡിഎഫിന്റെ നിർബന്ധം. ഏത് കാര്യവും ബഹിഷ്‌ക്കരിക്കുന്നു. ബഹിഷ്‌ക്കരണം ഏതിനാണ്, എന്തിനാണ്? ലോകമലയാളിക്ക് നാടിന്റെ അഭിവൃദ്ധിയുടെ കാര്യത്തിൽ അഭിപ്രായം പറയാനായി നടത്തിയ ലോകകേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ഇൗ ബഹിഷ്‌കരണം തുടരുകയാണ്. നാടിന്റെ ജനവികാരമാണ് ഇവിടെ കാണുന്നത്. 
നമ്മുടെ നാടിനെ അർഹതപ്പെട്ടത് നിഷേധിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ അരയക്ഷരം സംസാരിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിഞ്ഞോ? കോവിഡ് നേരിടുന്ന ഘട്ടത്തിൽ ജീവനക്കാരോട് ഒരു വായ്പ ചോദിച്ചു. ശമ്പളത്തിന്റെ ഒരു ഭാഗം വായ്പയായി നൽകാൻ ജീവനക്കാർ തയ്യാറായി. എന്നാൽ, പ്രതിപക്ഷം സാലറി ചലഞ്ചിൽ പങ്കുവഹിക്കില്ലെന്ന് തീരുമാനിച്ചു. ദുരന്തഘട്ടത്തിൽ വിതരണം ചെയ്ത അരിയുടെ വിലയടക്കം കേന്ദ്രം ചോദിക്കുമ്പോൾ അതിനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറായില്ല.  
2021ന് ശേഷം എല്ലാ കാര്യത്തിലും ഉടക്കിടുന്നതിനാണ് കേന്ദ്രത്തിന് താൽപര്യം. നമ്മുടെ നാടിനെ സാമ്പത്തികമായി വല്ലാതെ ഞെരുക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട 800 കോടിയിലധികം കേന്ദ്രസർക്കാറിൽനിന്ന് കുടിശ്ശികയാണ്. 250 കോടി രൂപ അനുവദിച്ചുവെന്ന് വാർത്ത കണ്ടു. പക്ഷേ, 550 കോടിയലധികം കുടിശ്ശികയാണ്. ആ സമീപനത്തിന് വഴങ്ങി, വിധേയമായി ഒന്നും ചെയ്യാതിരിക്കാൻ നമുക്ക് കഴിയില്ല. ഏത് പ്രതിസന്ധി നേരിട്ടാലും നമുക്ക് മുന്നോട്ടുപോയേ മതിയാവൂ.
ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായത് ജനങ്ങൾ, നാടാകെ നൽകി പിന്തുണ കൊണ്ടാണ്. ഓഖിയും നിപയും 2018ലെ നൂറ്റാണ്ടിലെ മഹാപ്രളയവും അതിരുക്ഷമായ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയുടെ വ്യാപനവും എല്ലാം കൂടി കേരളം തകർന്നടിഞ്ഞുപോവുന്ന അവസ്ഥയിലായി കേരളം. ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തിൽ സംസ്ഥാനത്തിന് മതിയായ സഹായം, പിന്തുണ കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കണം. അത് കേന്ദ്ര സർക്കാറിന്റെ ബാധ്യതയാണ്. ഈ ഒരു ഘട്ടത്തിലും കേരളത്തിന് സാധാരണ ഗതിയിൽ അർഹമായ പിന്തുണ കേന്ദ്ര സർക്കാറിൽനിന്ന് ലഭിച്ചില്ല. ഇത് ജനാധിപത്യ സംവിധാനത്തിൽ നടക്കാൻ പാടില്ലാത്തതാണ്. നമ്മുടെ ജനങ്ങൾ ഐക്യത്തോടെ പിന്തുണച്ചതിനാലാണ് തകർന്നടിഞ്ഞുപോകുമെന്ന് കരുതിയ നാട് തിരിച്ചുവരുന്നത് രാജ്യവും ലോകവും കണ്ടത്. കേരളം ഇത്തരം കാര്യങ്ങളെ നേരിടുന്നതിൽ മാതൃകയാണെന്ന് ലോകം വിലയിരുത്തി. ജനങ്ങളുടെ ഒരുമയും ഐക്യവും കൊണ്ടാണ് കേരളം അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, മുൻ എം പിമാരായ പി കെ ശ്രീമതി ടീച്ചർ, കെ കെ രാഗേഷ്, മുൻ എംഎൽഎ പി ജയരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി സുജാത ടീച്ചർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി രാജീവൻ (കോട്ടയം), എൻ വി ഷിനിജ (പാട്യം), പി വൽസൻ (മൊകേരി), കെ ലത (കുന്നോത്തുപറമ്പ്) തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനീയർ എ എൻ ശ്രീലാകുമാരി സ്വാഗതം പറഞ്ഞു. വൻജനാവലിയാണ് പാനൂർ വാഗ്ഭടാനന്ദ നഗറിലേക്ക് ഒഴുകിയെത്തിയത്. പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കാനായി 18 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.

2477 പരാതികള്‍ സ്വീകരിച്ചു

കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൽ 2477 പരാതികള്‍ സ്വീകരിച്ചു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി 18 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതൽ ഉച്ചവരെയാണ് പരാതി സ്വീകരിച്ചത്.

date