Skip to main content

കേരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തിലെ 50 ഹെക്ടർ  തെങ്ങിൻ പുരയിടങ്ങളുടെ പുനരുദ്ധാരണമാണ് ലക്ഷ്യം. കേരസമിതി വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. 8750 തെങ്ങുകൾക്കു തടം എടുക്കുന്നതിനും ജൈവ വളം ഇടുന്നതിനും 50% നിരക്കിൽ ആനുകൂല്യം ലഭിക്കും. ഡോളമൈറ്റ്, രാസവളം എന്നിവയ്ക്ക് ഒരു തെങ്ങിന് 29 രൂപ ലഭിക്കും. തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് പ്രയോഗിക്കുന്നതിനു 75 രൂപയും ഉത്പാദനക്ഷമത ഇല്ലാത്തവ വെട്ടിമാറ്റുന്നതിനു  1000 രൂപയും തെങ്ങ് ഒന്നിന് ലഭിക്കും.
ഉത്പാദന ക്ഷമതയുള്ള പുതിയ തെങ്ങിൻ തൈയ്ക്ക് 60 രൂപ നിരക്കിലും ഇടവിള കൃഷി നടീൽ വസ്തുക്കളും നൽകും. ജലസേചനത്തിനുള്ള  പമ്പു സെറ്റുകൾ, തുള്ളി നന സംവിധാനം എന്നിവയ്ക്ക് 50 ശതമാനം സബ്സിഡിയും ജൈവ വള കമ്പോസ്റ്റ് കുഴി നിർമിക്കുന്നതിന് രണ്ട് യൂണിറ്റിന് 10,000 രൂപയും സബ്സിഡി നൽകും.
 താൽപര്യമുള്ള 12 പേർക്ക് തെങ്ങു കയറ്റത്തിന് പരിശീലനവും തെങ്ങു കയറ്റ യന്ത്രത്തിനു 2000 രൂപ വീതം ആനുകൂല്യവും നൽകും. വെളിച്ചെണ്ണ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനു ഡ്രയർ/മറ്റു ഉപകരണങ്ങൾ വാങ്ങിക്കുന്നതിനു രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും. യൂണിറ്റ് സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് പ്രൊജക്റ്റ് തയാറാകുന്നതിനും സഹായിക്കും. ആനുകൂല്യങ്ങൾക്ക് ഡിസംബർ ഏഴിനകം വാഴപ്പള്ളി കൃഷിഭവനിൽ അപേക്ഷ നൽകണം.

 

 

date