Skip to main content
കിളിരൂർ യു.പി. സ്‌കൂളിൽ ജൈവവള വിതരണോദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജയ് തിരുവാർപ്പ് അസിസ്റ്റന്റ് കൃഷി ഓഫിസർ അബ്ദുൽ ജലീലിന് നൽകി നിർവഹിക്കുന്നു

ചേലോടെ കിളിരൂർ ജൈവവളവുമായി കിളിരൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ

കോട്ടയം: മാലിന്യസംസ്‌കരണത്തിൽ മികച്ച മാതൃകയാവുകയാണ് കിളിരൂർ യു.പി. സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ സ്ഥാപിച്ച തുമ്പൂർമുഴി ജൈവവള മാലിന്യപ്ലാന്റിൽ നിന്നുള്ള മാലിന്യം വളമാക്കി മാറ്റിയാണ് മാതൃകയാകുന്നത്. അധ്യാപകരുടെ  സഹായത്തോടെ പ്ലാന്റിലെ മാലിന്യം വളമാക്കി പായ്ക്കറ്റുകളിലാക്കി 'ചേലോടെ കിളിരൂർ' എന്ന പേരും നൽകിയാണ് വിതരണം ചെയ്യുന്നത്. വളം കുട്ടികളിലൂടെ വീടുകളിലേക്ക് നൽകി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പ്രവർത്തനമാണ് സ്‌കൂൾ അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതി
യിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് തുമ്പൂർമുഴി കിളിരൂർ യു.പി.സ്‌കൂളിൽ സ്ഥാപിച്ചത്. ജൈവവള വിതരണോദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജയ്, തിരുവാർപ്പ് കൃഷി അസിസ്റ്റന്റ് ഓഫീസർ അബ്ദുൽ ജലീലിന് നൽകി നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് സനിത അനീഷ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, പ്രധാനാധ്യാപിക രാജി കെ. തങ്കപ്പൻ, തിരുവാർപ്പ് മാലിന്യമുക്ത കോ- ഓർഡിനേറ്റർ വിനോദ് കുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

 

date