Skip to main content

 2025 ഓടെ കേരളത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുളള അവസാന ഘട്ട പ്രവർത്തനത്തിലാണ് സർക്കാർ - മന്ത്രി ജെ ചിഞ്ചുറാണി

 

2025ഓടെ കേരളത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുളള അവസാന ഘട്ട പ്രവർത്തനത്തിലാണ് സർക്കാരെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരുവമ്പാടി മണ്ഡലതല നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ഉദാഹരണങ്ങൾ കോവിഡ് കാലത്ത് ജനങ്ങൾ നേരിട്ടനുഭവിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല.  64000 അതിദരിദ്ര കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്. അവരെ ഉയർത്തിക്കൊണ്ടുവരുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിലാണ് സംസ്ഥാനത്ത് ഭവന പദ്ധതികൾ നടപ്പാക്കുന്നത്. നീതി ആയോഗിന്റെ ദാരിദ്യ സൂചികയിൽ കേരളത്തിനുണ്ടായ മുന്നേറ്റം സർക്കാർ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമാണ്. ഭൂമിയും, വീടും, തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായങ്ങളുമെല്ലാം സർക്കാർ ഉറപ്പാക്കിയതോടെ അതിദരിദ്രരുടെ എണ്ണം കുറക്കാനായി സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

2016ന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾക്കുണ്ടായ അടിസ്ഥാന തല വികസനത്തിലൂടെ നമ്മുടെ കുട്ടികൾക്ക് ആധുനിക രീതിയിലുള്ള പഠനം ഉറപ്പാക്കുന്നതിനും, വിദേശ രാജ്യങ്ങളിൽ പോയി ഉപരിപഠനം നടത്തുന്നതിനും സാധിച്ചത് സർക്കാർ വിദ്യാഭ്യാസ മേഖലയിൽ എടുത്ത നിലപാടിന്റെ അടിസ്ഥാനത്തിലാണ്.  ഒന്നാം ക്ലാസിൽ 10.5 ലക്ഷം കുട്ടികൾ പുതുതായി പ്രവേശനം നേടി എന്നത് നാം കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയാണ്.

കാർഷിക മേഖലയിൽ പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പച്ചക്കറി കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, നെൽകൃഷിക്കായി പുതിയ പാക്കേജുകൾ ഏർപ്പെടുത്തുകയും ചെയ്തതോടെ കാർഷിക മേഖല മുന്നോട്ട് പോകുകയാണ്.
വ്യവസായിക മേഖലയെ ശക്തിപ്പെടുത്താനായി ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ആശയം സർക്കാർ മുന്നോട്ട് വെക്കുകയും ഒരു വർഷത്തിന് മുമ്പ് തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു

date