Skip to main content

കുളമ്പുരോഗ സൗജന്യ പ്രതിരോധകുത്തിവെപ്പ് ഡിസംബര്‍ 1 മുതല്‍

കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പ് ഡിസംബര്‍ 1 ന് ആരംഭിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിൽ എത്തിയും ക്യാമ്പുകൾ സ,സംഘടിപ്പിച്ചും കുത്തിവെപ്പ് നടത്തും. ഡിസംബര്‍ 1 മുതല്‍ 21 പ്രവര്‍ത്തി ദിവസങ്ങളിലാണ് കുത്തിവെപ്പ് യഞ്ജ നടക്കുക. 4 മാസത്തിനു മുകളില്‍ പ്രായമുള്ളതും പൂര്‍ണ്ണ ആരോഗ്യമുള്ളതുമായ കിടാക്കളെയും, പശു, പോത്ത്, കാള, എരുമ എന്നീ മൃഗങ്ങളെയും കുത്തിവെപ്പിന് വിധേയമാക്കും. പലയിടങ്ങളിലും കുളമ്പുരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ തങ്ങളുടെ ഉരുക്കളെ സംരക്ഷിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ചികിത്സയില്ലാത്ത ഗുരുതര വൈറസ് രോഗത്തെ നിയന്ത്രിക്കുന്നതിന് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് വളരെ പ്രധാനമാണ്.

ഇരട്ട കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് കന്നുകാലി സമ്പത്തിനും കാട്ടുമൃഗങ്ങള്‍ക്കും (മാനുകള്‍, പന്നികള്‍) ഭീഷണിയാണ്. കന്നുകാലികളുടെ കുളമ്പുകളിലും അകിട്ടിലും വൃണങ്ങള്‍ ഉണ്ടാക്കുക, നാക്ക്, മുലക്കാമ്പ് മുതലായവയുടെ ആവരണം (ത്വക്ക്) ഊരിപോകുക, കുളമ്പ് ഊരിപോകുക, ജീവതകാലം മുഴുവനും പാലുത്പാദനം ഇല്ലാതെയാവുക, കിതപ്പ്, ഉമിനീരൊലിപ്പ് എന്നിവയൊക്കെ ലക്ഷണങ്ങളാണ്. വൈറസ് ബാധയുണ്ടകുന്ന മൃഗങ്ങളില്‍ ഗര്‍ഭം അലസലും വന്ധ്യതയും ഉണ്ടാകാറുണ്ട്. 6 മാസത്തിലൊരിക്കല്‍ കുത്തിവെപ്പ് നല്‍കേണ്ടതാണ്.
ഗര്‍ഭമുള്ള മൃഗങ്ങളെ (ആദ്യത്തെയും അവസാനത്തെയും 3 മാസങ്ങളിലുള്ളവ)യും രോഗബാധിതരായവയെയും 4 മാസത്തില്‍ താഴെ പ്രായമുള്ളവയെയും കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കാം. കുത്തിവെക്കുന്ന മൃഗങ്ങള്‍ക്ക് കമ്മല്‍/ഇയര്‍ ടാഗ് ഇടുകയും വിവരങ്ങള്‍ സര്‍ക്കാര്‍ വെബ് സൈറ്റില്‍ ചേര്‍ക്കുകയും ചെയ്യും. കുത്തിവെപ്പ് നിയമം മൂലം നിര്‍ബന്ധവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കർഷകർ അതത് മൃഗാശുപത്രികളുമായി ബന്ധപ്പെടേണ്ടതാണ്.

date