Skip to main content

നവകേരള സദസ്സ്: ഹരിപ്പാട് ഒരുക്കങ്ങള്‍ സജ്ജം

ആലപ്പുഴ: ഡിസംബര്‍ 15-ന് വൈകിട്ട് ആറിന് ഹരിപ്പാട് ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഹരിപ്പാട് മണ്ഡലതല നവകേരള സദസ്സിനായി ഹരിപ്പാട് സജ്ജം. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഗവ. ബോയ്സ് ഹൈസ്‌ക്കൂളില്‍ തയ്യാറാക്കുന്ന 20 കൗണ്ടറുകളില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. ഓരോ കൗണ്ടറിലും നാല് പരാതികള്‍ വീതം 80 പരാതികള്‍ ഒരേ സമയം സ്വീകരിച്ച് രസീത് നല്‍കും. മൂന്നുമണി മുതല്‍ പ്രധാന വേദിയില്‍ കലാപരിപാടികള്‍ ആരംഭിക്കും. ചേര്‍ത്തല രാജേഷും ബിജു മല്ലാരിയും അവതരിപ്പിക്കുന്ന വയലിന്‍ - ഫ്‌ളൂട്ട് ഫ്യൂഷന്‍ നടക്കും. ആറുമണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എത്തും.

പത്ത് പഞ്ചായത്തുകളിലും നഗരസഭയിലും 182 ബൂത്ത് സംഘാടക സമിതികളുടെ നേതൃത്ത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. നവകേരള സദസ്സിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ഇതിനകം 1800ല്‍ അധികം വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിച്ചു. വീട്ടുമുറ്റ സദസ്സുകള്‍ക്ക് കുടുംബശ്രീ ഭാരവാഹികള്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. വീട്ടുമുറ്റ സദസ്സുകളില്‍ നാല്‍പ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തു. സംഘാടക സമിതിയുടേയും പഞ്ചായത്ത് മുന്‍സിപ്പല്‍ സംഘാടക സമിതികളുടേയും നേതൃത്ത്വത്തില്‍ സെമിനാറുകള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍, വിളംബരജാഥ എന്നിവയും സംഘടിപ്പിച്ചു.

പ്രധാന വേദിയില്‍ ഡിസംബര്‍ 11 മുതല്‍ കാര്‍ഷിക - പ്രദര്‍ശന വിപണന മേളകള്‍ നടന്നു വരുന്നു. ഇതോടൊപ്പം എല്ലാ ദിവസവും കുടുംബശ്രീ സംഘടിപ്പിക്കുന്ന കലാപരിപാടികളും നടക്കും.  നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.  കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ എല്ലായിടത്തും ഫ്‌ളാഷ് മോബ് പര്യടനം നടത്തി വരുന്നു. 'നവകേരളത്തിലേക്ക് നമുക്കും നടക്കാം' എന്ന സന്ദേശം ഉയര്‍ത്തി ഹരിപ്പാട് പട്ടണത്തില്‍ ഇന്ന് (13 ന്) വൈകിട്ട് 4ന് സായാഹ്ന നടത്തം സംഘടിപ്പിക്കും. 14 ന് വൈകിട്ട് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ കുടുംബശ്രീ- അയല്‍ക്കൂട്ടങ്ങളുടേയും ബൂത്തുതല സംഘാടക സമിതികളുടേയും നേതൃത്വത്തില്‍ നവകേരള ദീപസന്ധ്യ സംഘടിപ്പിക്കും. സദസ്സിലേക്ക് എത്തുന്ന വാഹനങ്ങള്‍ ഹരിപ്പാട് ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശമുള്ള മണ്ണാറശ്ശാല ഗ്രൗണ്ട്, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രധാന വേദിയിലും പുറത്തും പരാതി കൗണ്ടറുകളിലും ജനങ്ങളെ സഹായിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും 700ല്‍പ്പരം വൊളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഹരിതകര്‍മ്മ സേനയുടെ നേത്യത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എ.എം. ആരിഫ് എം.പി. ചെയര്‍മാനും മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാര്‍ വര്‍ക്കിംഗ് ചെയര്‍മാനും ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ഫിലിപ്പ് ജോസഫ് ജനറല്‍ കണ്‍വീനറുമായുള്ള മണ്ഡലം സംഘാടക സമിതിയുടെ നേത്യത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ടി.കെ. ദേവകുമാര്‍, ഫിലിപ്പ് ജോസഫ്, എം. സത്യപാലന്‍, ടി.എസ്. താഹ, എം.എം. അനസ് അലി,സജീവ്കുമാര്‍. പി.എ.ഡി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date