Skip to main content

നവകേരള സദസ്സ്: ചെങ്ങന്നൂര്‍ ഒരുങ്ങി 

ആലപ്പുഴ: ഡിസംബര്‍ 16-ന് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡല നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. മണ്ഡലത്തിലെ192 ബൂത്തുകളിലും ബൂത്ത് തലയോഗങ്ങള്‍ പൂര്‍ത്തിയായി. ഇതുവരെ 1698 വീട്ടുമുറ്റയോഗങ്ങള്‍നടന്നു. 20 പരാതി കൗണ്ടറുകളാണ് സദസ്സിന്റെ ഭാഗമായി ഗ്രൗണ്ടില്‍ ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായി എട്ട് പ്രത്യേക കൗണ്ടറുകളും വയോജനങ്ങള്‍ക്കും ഭിന്നശേഷികാര്‍ക്കുമായി രണ്ട്വീതം കൗണ്ടറുകളും ഉണ്ടാകും. രണ്ട് മണിമുതല്‍ പൊതുജനങ്ങള്‍ക്ക്  പരാതികള്‍ സമര്‍പ്പിക്കാം. നാലു ജീവനക്കാര്‍ വീതം കൗണ്ടറുകളില്‍ ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്. 

14-ന് മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ഇരുചക്ര വാഹനങ്ങളില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം അന്തിമഘട്ടത്തിലാണ്. നവകേരള സദസ്സിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ 10 സെമിനാറുകളില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു. പരിപാടിയുടെ പ്രചരണാര്‍ത്ഥം ഓരോ പഞ്ചായത്തിലും കൂട്ടയോട്ടം, തിരുവാതിര, ഫ്‌ളാഷ് മോബ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.

ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി 300 ഹരിത കര്‍മ സേനപ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. ആംബുലന്‍സ് സേവനം ഉള്‍പ്പെടെവിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. എസ്.പി.സി, എന്‍.സി.സി , എന്‍.എസ്.എസ് മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 500 പേരടങ്ങുന്ന വോളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കും.

date