Skip to main content

ക്ഷയരോഗ നിർമാർജനം: “കരുതൽ 2023” പരിശോധനാ പരിപാടിക്ക് സമാപനം

 

 എറണാകുളം ജില്ലാ ടിബി സെന്ററും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ചേർന്ന് സംഘടിപ്പിച്ച “കരുതൽ 2023” പരിപാടി വിജയകരമായി പൂർത്തിയായി . ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി ക്ഷയരോഗികളുമായി അടുത്ത് ഇടപഴകേണ്ടിവരുന്ന അഞ്ച് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളിലാണ് രക്തപരിശോധന നടത്തിയത്. ആവശ്യമുള്ളവർക്ക് ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ചികിത്സയും പദ്ധതി കാലയളവിൽ നൽകി. പദ്ധതിയുടെ ഫലപ്രഖ്യാപനം സമാപന സമ്മേളനത്തിൽ  ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് നിർവഹിച്ചു.രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള വിശാലമായ പദ്ധതിക്ക് വേണ്ടി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നൽകിയത് അമൂല്യസംഭാവനകളാണെന്ന് അദ്ദേഹം പറഞ്ഞു. 

ക്ഷയരോഗ സാധ്യത  നിർണയിക്കുന്നതിനുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ സമഗ്ര പരിശോധനയായ “ആസ്റ്റർ IGRA ടെസ്റ്റിംഗ് പ്രോജക്ട്” ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതി, എറണാകുളം ജില്ലാ ഭരണകൂടം, ജെ.ഇ.ഇ.ടി പ്രോജക്ട്, ലോകാരോഗ്യ സംഘടന, ക്ഷയരോഗത്തിനും ശ്വാസകോശ രോഗങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി നടന്നത് . വരും ദിവസങ്ങളിലും പദ്ധതിയുടെ തുടർച്ചയെന്നോണം  ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റർ ഫാർമസികളിലൂടെ രോഗികൾക്ക് നിരന്തരം പ്രതിരോധമരുന്നുകളും ആവശ്യത്തിനുള്ള പിന്തുണയും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും. 

ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്മദ്,
 ഡി.ടി.ഒ ഡോ.എം ആനന്ദ് , ആസ്റ്റർ ഇന്ത്യ മെഡിക്കൽ അഫയഴ്സ്‌ ചീഫ് ഡോ. അനുപ് ആർ വാര്യർ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്മദ്, ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ജില്ലാ ഭാരവാഹി അനൂപ് ജോൺ, ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ എ.ജി.എം ലത്തീഫ്, ആസ്റ്റർ ലാബ്‌സിന്റെ കേരള, തമിഴ്നാട് പ്രാദേശിക മേധാവി നിതിൻ എന്നിവർ സമാപനവേദിയിൽ സംസാരിച്ചു.

date