Skip to main content
കയർ വ്യവസായം സംരക്ഷിക്കാൻ സമഗ്രമായി ഇടപെടും: മുഖ്യമന്ത്രി പിണറായി വിജയൻ  -ഉത്പ്പന്ന വൈവിധ്യവത്കരണം കയർമേഖലയ്ക്ക് ആവശ്യം

കയർ വ്യവസായം സംരക്ഷിക്കാൻ സമഗ്രമായി ഇടപെടും: മുഖ്യമന്ത്രി പിണറായി വിജയൻ -ഉത്പ്പന്ന വൈവിധ്യവത്കരണം കയർമേഖലയ്ക്ക് ആവശ്യം

 ആലപ്പുഴയിലെ കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനോടുബന്ധിച്ച് കലവൂർ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ആലപ്പുഴ ജില്ലയിലെ ആദ്യ പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കയർ വ്യവസായവുമായി ബന്ധപ്പെട്ട് യോഗത്തിലുയർന്ന ആശങ്കകളോട് മുഖ്യമന്ത്രി പ്രതികരിച്ചു. 

ഉത്പന്ന വൈവിധ്യവത്കരണമാണ് കയർ മേഖലയ്ക്കാവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ച നടത്തി ആവശ്യമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു. 

ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് കയർ മേഖലയിലെ 50 തൊഴിലാളികൾക്ക് പരിശീലനം നൽകി. ഇവർക്ക് 600 രൂപ സ്‌റ്റൈൻഡും നൽകിയിരുന്നു. കെട്ടിക്കിടന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞു. കയർ ഫെഡിന്റെ 22 ഗോഡൗണുകളിൽ 11 ഗോഡൗണുകളിലെ ഉത്പന്നങ്ങൾ വിറ്റഴിച്ചു. ചകിരിയുടെയും കയറിന്റെയും ഗുണമേന്മ വർധിപ്പിക്കാനുതകുന്ന പദ്ധതിയും നടപ്പാക്കി വരികയാണ്. ഇതിനായി തൊഴിലാളികളുമായി ചർച്ച നടത്താനും മാറ്റങ്ങൾ കൊണ്ടുവരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾക്ക് കയർ മേഖലയിലും എല്ലാ തൊഴിൽ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ കഴിയണമെന്നാണ് സർക്കാർ നിലപാട്. കയർ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും.

കയർ വ്യവസായത്തെ സംരക്ഷിക്കാൻ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു. അതിന്റെ മാറ്റവും ഈ മേഖലയിൽ പ്രകടമായി. കയർ തൊഴിലുമായി ബന്ധപ്പെട്ട് വല്ലാതെ അസ്വസ്ഥമായ അന്തരീക്ഷമായിരുന്നു 2016 ന് മുൻപുണ്ടായിരുന്നത്. പ്രക്ഷോഭങ്ങളും അതിന്റെ ഭാഗമായി ഉണ്ടായി. ഇവ പരിഹരിക്കാനുള്ള സർക്കാർ ഇടപെടൽ വലിയ മാറ്റങ്ങളുണ്ടാക്കി. 

വിലപ്പെട്ട നിർദേശങ്ങളാണ് യോഗത്തിലുയർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദേശങ്ങൾ എല്ലാം ഗൗരവമായി സർക്കാർ പരിശോധിക്കും. 
നല്ല വികസന സാധ്യതയുള്ള ജില്ലയാണ് ആലപ്പുഴ. 2016 നു ശേഷം ആലപ്പുഴയുടെ വികസനം ലക്ഷ്യമിട്ട് നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു. ഇനിയും കൂടുതൽ മുന്നോട്ട് പോകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എറെ പുതുമകൾ രചിച്ച നാടാണ് നമ്മുടെത്. 2017-ൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ജനാധിപത്യ ചരിത്രത്തിൽ പുതിയ ഏട് എഴുതി ച്ചേർത്തു. 2016 തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മന്നണി അവതരിപ്പിച്ച പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ എന്തെല്ലാം നടപ്പായി എന്നത് ജനസമക്ഷം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തു തന്നെ ഒരുപക്ഷെ ഇത് ആദ്യമാണ്. വരും വർഷങ്ങളിലും ഇത് തുടർന്നുവന്നു. 2021 ആയപ്പോഴേക്കും വിരലിലെന്നാവുന്ന കാര്യങ്ങൾ ഒഴികെ മറ്റെല്ലാ കാര്യങ്ങളും നടപ്പായതായി ജനങ്ങൾ വിലയിരുത്തി. ഇതിനൊപ്പം തന്നെ ഭരണനിർവഹണം ശരിയായി രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെട്ടു. കാലതാമസമില്ലാതെ അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനായി. 

ഫയൽ തീർപ്പാക്കൽ, അദാലത്തുകൾ എന്നിവയിലൂടെ അതു ഭരണം കാര്യക്ഷമമാക്കാൻ സാധിച്ചു. പ്രശ്‌നപരിഹാരത്തിനായി താലൂക്ക് തലത്തിൽ മന്ത്രിതല സമിതി കൂടി. ഒട്ടേറെ കാര്യങ്ങൾ പരിഹരിക്കാനായി. തീർപ്പാക്കാൻ കഴിയാത്തതായി മാറ്റിവെച്ചവ പരിഹരിക്കാൻ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതല യോഗം ചേർന്നു. ഇതിന്റെ തുടർച്ചയായി മന്ത്രിസഭ ആകെ പങ്കെടുത്തുകൊണ്ട് ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ  മേഖലാതല യോഗം ചേർന്നു. ഓരോ മേഖലയെയും പ്രത്യേകമായി പരിഗണിച്ച് തടസ്സങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാനായി. ഫലപ്രദമായ ഈ സംവിധാനത്തിലൂടെ ജില്ലകളിൽ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടും കാലങ്ങളായി പരിഹാരം കാണാതെ കിടന്ന ചില പ്രശ്‌നങ്ങളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്താനായി. 

ഇതോടൊപ്പം തന്നെ വനം, തീരദേശം തുടങ്ങി പ്രത്യേക മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വനസൗഹൃദ സദസ്സുകളും തീരസദസ്സുകളും ചേർന്നു. ഈ മേഖലകളിലെ പ്രശ്‌നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനൊപ്പം സർക്കാർ ഈ മേഖലയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു ഇനി എന്തെല്ലാം ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നും മനസ്സിലാക്കി നൽകാനായി. പ്രത്യേകം ചർച്ച ചെയ്തു പരിഹരിക്കാൻ ബാക്കിയുള്ളവയ്ക്കായി സംസ്ഥാന തലത്തിൽ യോഗം ചേർന്നു. തീരുമാനങ്ങൾ കൈക്കൊണ്ടു. 

തീരുമാനങ്ങൾ വേഗത്തിൽ എടുക്കുക ജനങ്ങൾക്ക് തീരുമാനങ്ങളുടെ സ്വാദ് അനുഭവിക്കാനാകുക എന്നതാണ് സർക്കാർ നയം. നമ്മുടെ നാട് എവിടെ എത്തിനിൽക്കുന്നു ഇനി മുന്നോട്ട് പോകാൻ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമാണ് എന്ന് ചർച്ച ചെയ്യുകയാണ് ഇവിടെ നമ്മൾ. ഒപ്പം, മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുത്തുന്ന സമീപനങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ പ്രശ്‌നങ്ങൾ ജനസമക്ഷം അവതരിപ്പിക്കുകയുമാണ് ലക്ഷ്യം. 

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, വിപ്ലവ ഗായിക പി.കെ. മേദിനി, ഫാ. നെൽസൺ തൈപ്പറമ്പിൽ, ട്രാവൻകൂർ മാറ്റ് ആന്റ് മാറ്റിംഗ് കമ്പനി പ്രതിനിധി പ്രസാദ്, കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വിസി പി.കെ. മൈക്കിൾ തരകൻ, ആലപ്പുഴ മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച്. അബ്ദുൾ നാസർ തങ്ങൾ, കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ എന്നിവരുൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടെ പ്രഭാത സദസ്സാണ് നടന്നത്. ഓരോ മണ്ഡലത്തിൽ നിന്നും 60 പേർ വീതം 300 ക്ഷണിതാക്കൾ യോഗത്തിൽ പങ്കെടുത്തു. എ.എം. ആരിഫ് എം.പി., എം.എൽ.എ. മാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ ജോൺ സാമുവൽ സ്വാഗതം പറഞ്ഞു.

date