Skip to main content

ദീർഘവീക്ഷണത്തോടെ  പദ്ധതികൾ ആവിഷ്കരിക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ്

 

 ഓരോ വകുപ്പുകളും ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച്  നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജില്ലാതല മുൻഗണനകൾ നിശ്ചയിക്കുന്നതിനും സംയുക്ത / സംയോജിത പ്രോജക്ട് സാധ്യതകൾ ചർച്ച ചെയ്യുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ ജനോപകാരപ്രദമായതും നൂതന ആശയങ്ങൾ ഉള്ളതുമായ പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കണം. ഡിസംബർ 18ന് ചേരുന്ന  ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ  പദ്ധതികൾ സംബന്ധിച്ച പ്രാഥമിക രൂപരേഖ  അവതരിപ്പിക്കണമെന്നും  അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

അടുത്ത സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ കഴിയുന്ന വിവിധ പദ്ധതികൾ ഓരോ വകുപ്പുകളും യോഗത്തിൽ അവതരിപ്പിക്കുകയും അതിന്മേൽ  ചർച്ച നടക്കുകയും ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സനിത റഹീം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീഖ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ  എം.എം ബഷീർ,വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date