Skip to main content

ഞാറക്കൽ താലൂക്ക് ആശുപത്രിക്ക് ആംബുലൻസ്: ഫ്ലാഗ് ഓഫ് ചെയ്‌തു 

 

ഞാറക്കൽ താലൂക്ക് ആശുപത്രിക്ക് കെ.എസ്.എഫ്.ഇ മുഖേന ലഭ്യമാക്കിയ ആംബുലൻസ് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ആംബുലൻസ് കൈമാറി.

നിലവിൽ താലൂക്ക് ആശുപത്രിക്ക് 108 ആംബുലൻസിന്റെ സേവനം മാത്രമാണ് ലഭിക്കുന്നത്. രണ്ടു ഡോക്‌ടർമാരുടെ കൂടി സേവനം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും ഉറപ്പുവരുത്തിയ സാഹചര്യത്തിൽ സ്വന്തം ആംബുലൻസ് സൗകര്യം അനിവാര്യമായി. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്ന് കെ.എസ്.എഫ്.ഇ സി.എസ്.ആർ ഫണ്ടിൽ ആംബുലൻസ് ലഭ്യമാക്കാൻ സന്നദ്ധരായി. 20 ലക്ഷം രൂപയാണ് ആംബുലൻസിനു ചെലവ്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി വിൻസെന്റ്, സുബോധ ഷാജി, ഇ.കെ ജയൻ, അംഗം അഗസ്റ്റിൻ മണ്ടോത്ത്‌, ഞാറക്കൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ചെറിയാൻ വാളൂരാൻ, ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ വിമല, കെ.എസ്.എഫ്.ഇ എ.ജി.എം വി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.  

മറ്റു ജനപ്രതിനിധികൾ, തീരദേശ പരിപാലന അതോറിറ്റി അംഗം എ.പി പ്രിനിൽ, ജിഡ ജനറൽ കൗൺസിൽ അംഗം. കെ.കെ ജയരാജ്, മാരിടൈം ബോർഡ് അംഗം അഡ്വ.സുനിൽ ഹരീന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായി.

date