Skip to main content
കേരളത്തിനെതിരായ കേന്ദ്ര ഉപരോധത്തിനെതിരെ യു.ഡി.എഫ് എംപിമാർ കത്ത് നൽകിയത് നവകേരള സദസ്സിന്റെ വിജയം-മന്ത്രി കെ.രാധാകൃഷ്ണൻ

കേരളത്തിനെതിരായ കേന്ദ്ര ഉപരോധത്തിനെതിരെ യു.ഡി.എഫ് എംപിമാർ കത്ത് നൽകിയത് നവകേരള സദസ്സിന്റെ വിജയം-മന്ത്രി കെ.രാധാകൃഷ്ണൻ

ആലപ്പുഴ: കേരളത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധ വിഷയത്തിൽ കത്ത് കൊടുക്കാൻ  യുഡിഎഫ് എംപിമാർ തയ്യാറായത് നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.  കപ്പക്കട മൈതാനിയിൽ അമ്പലപ്പുഴ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാളിതു വരെ കേരളത്തിന്റെ പൊതു ആവശ്യങ്ങൾക്കായി ശബ്ദമുയർത്താൻ തയ്യാറാകാത്തവരാണിവർ. കാസർകോടു മുതൽ ആലപ്പുഴ വരെയുള്ള  ജില്ലകളിലെ നവ കേരള സദസിൽ സർക്കാർ ഇക്കാര്യങ്ങൾ  ഉന്നയിച്ചതോടെ നിലനിൽപ്പിനായി  അവരും ഈ വിഷയം ഏറ്റെടുത്ത് കത്ത് കൊടുക്കുകയായിക്കുന്നു - മന്ത്രി വ്യക്തമാക്കി.

ഒരിക്കലും നടക്കില്ലെന്ന് പലരും കരുതിയ വികസന പദ്ധതികൾ എൽ ഡി എഫ് സർക്കാർ പൂർത്തിയാക്കി വരികയാണ്.   തെരഞ്ഞെടുപ്പ് കാലത്ത് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി പൂർത്തിയാക്കുന്നു.  കേന്ദ്ര സർക്കാർ ഏതുവിധേനയും തളർത്താൻ ശ്രമിക്കുകയാണ്. എന്നാൽ ക്ഷേമവും വികസനവും ഒന്നിച്ച് നടത്തി ഈ സർക്കാർ കേന്ദ്രത്തിന്റെ ചെയ്തികളെ പ്രതിരോധിക്കുന്നു. ജനസമക്ഷം തുറന്നു കാട്ടുകയും ചെയ്യുന്നു.
മതേതരത്വവും മത സൗഹാർദ്ദവും കാത്തു സൂക്ഷിക്കുന്നതിൽ രാജ്യത്തിന് മാതൃകയാണ് കേരളം.  എന്നാൽ ഈ സാമൂഹ്യ അന്തരീക്ഷത്തെ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നു. ഇതിനെയെല്ലാം കേരള ജനത തിരിച്ചറിയുമെന്നും കെ രാധാകൃഷ്ണൻ  കൂട്ടിച്ചേർത്തു.
2025ൽ അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് സർക്കാർ ലക്ഷ്യം. വിശപ്പില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും ലോകത്ത് ഏത് രാജ്യത്തോടും കിടപിടിക്കത്തക്ക രീതിയിളുള്ള വളർച്ചയാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ കടമയോടുകൂടി നിറവേറ്റുന്ന സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

date