Skip to main content

വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് ഡിസംബര്‍ 19 ന്

കയ്പമംഗലം നിയോജക മണ്ഡലത്തിലേയും കൊടുങ്ങല്ലൂര്‍ നഗരസഭയുടെയും പരിധിയിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് ഡിസംബര്‍ 19 ന് മതിലകം പള്ളി വളവ് സാന്‍ജൊ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. പുതിയ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും കാലാവധി കഴിഞ്ഞ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പില്‍ വരുന്നവര്‍ https://www.swavlambancard.gov.in (UDID) എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ലഭിക്കുന്ന രസീതുമായി എത്തിച്ചേരണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ ലഭിക്കുന്ന എന്റോള്‍മെന്റ് നമ്പര്‍ ഉള്‍പ്പെടുന്ന രസീത് നിര്‍ബന്ധമായും കൊണ്ടുവരണം. യുഡിഐഡി കാര്‍ഡ് ഉള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അപേക്ഷകന്റെ അസുഖം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. (ഡിസ്ചാര്‍ജ് സമ്മറി/ എംആര്‍ഐ/ സി.ടി സ്‌കാന്‍/എക്‌സറെ/ ഐ ക്യൂ ടെസ്റ്റ് റിപ്പോര്‍ട്ട് തുടങ്ങിയവ).

ബുദ്ധിപരമായ വെല്ലുവിളി (ഇന്റലെക്ച്വല്‍ ഡിസബിലിറ്റി)/ഓട്ടിസം/സെറിബ്രല്‍ പാള്‍സിയോടൊപ്പം ബുദ്ധിപരമായ വെല്ലുവിളി/ഗ്ലോബല്‍ ഡെവലപ്മെന്റല്‍ ഡിലേയ്/ഡൗന്‍സിന്‍ഡ്രോം എന്നീ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഗവ. ഹോസ്പിറ്റലില്‍ നിന്നും ആറു മാസത്തിനകം നടത്തിയ ഐ ക്യൂ അസ്സസ്‌മെന്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമായും കൊണ്ടുവരണം. ഐ ക്യൂ റിപ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് നിയമപ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധ്യമല്ല.

കേള്‍വി പരിശോധന നടത്തുന്നതിന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി, ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സമീപിക്കാം. രാവിലെ 8.30 മുതല്‍ 11 മണി വരെയാണ് ക്യാമ്പിലെ രജിസ്‌ട്രേഷന്‍ സമയം. രജിസ്‌ട്രേഷന്‍ സമയത്ത് രോഗിയെ കൊണ്ടുവരണമെന്നില്ല. എന്നാല്‍ 10 മണി മുതല്‍ ഡോക്ടര്‍മാര്‍ പരിശോധന ആരംഭിക്കുമ്പോള്‍ ടോക്കന്‍ നമ്പര്‍ അനുസരിച്ച് രോഗിയെ ഹാജരാക്കണം.

അസുഖം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തവര്‍ അസുഖവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കണ്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങിവരണമെന്നും സംശയങ്ങള്‍ക്ക് 9895302954 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും എംഎല്‍എ അറിയിച്ചു.

date