Skip to main content

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാൻ തമിഴ്നാട്  വിദ്യാഭ്യാസ മന്ത്രി ജില്ലയിൽ സന്ദർശനം നടത്തി

തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ സന്ദർശനം നടത്തി. മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ് സ്കൂളിലാണ് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദർശനം നടത്തിയത്. 

സ്കൂൾ കൈവരിച്ച പശ്ചാത്തല വികസനവും, വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച വെർച്വൽ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവർത്തനങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു.

കേരളത്തിലെ സർക്കാർ സ്കൂളുകളിലെ  അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് സന്ദർശനമെന്ന്  തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.  ഈ മാതൃക തമിഴ്‌നാട്ടിൽ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ എംഎൽഎ എ പ്രദീപ് കുമാർ, വാർഡ് കൗൺസിലർ സി എം ജംഷീർ, കോഴിക്കോട് ഡിഡിഇ മനോജ് കുമാർ മണിയൂർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശാദിയ ബാനു ടി, കോഴിക്കോട് സിറ്റി എഇഒ ജയകൃഷ്ണൻ എം, മറ്റു വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

date