Skip to main content

സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം - മന്ത്രി വി ശിവന്‍കുട്ടി

വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളില്‍ സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ കേരളത്തിലുണ്ടായത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പത്തനാപുരം ജനസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത, തീരദേശ ഹൈവേ, ഹൈടെക് ക്ലാസ് മുറികള്‍, അത്യാധുനിക സംവിധാനങ്ങളോടെ ആശുപത്രികള്‍ എന്നിങ്ങനെ സര്‍വമേഖലകളിലും വികസനം വന്നെത്തി. പത്താനാപുരം മണ്ഡലത്തില്‍ മാത്രം പൊതുവിദ്യാഭ്യാസ മേഖലയില്‍ 5000 കോടി രൂപയുടെ വികസനമുണ്ടായി.

ക്ലാസ് മുറികള്‍ ഹൈടെക്കായി. പരിസ്ഥിതി, മാലിന്യ സംസ്‌കരണം, ലൈംഗീക വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി കാലാനുസൃതമായി പുതുക്കി, സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പേ പാഠപുസ്തക വിതരണം നടത്തി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളില്‍ പുതിയ പാഠപുസ്തകം 2024 ജൂണില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ 11,407 നിയമനം നടന്നു. യു.പി വിഭാഗത്തില്‍ 7676, ഹൈസ്‌കൂള്‍ 6329, ഹയര്‍സെക്കന്‍ഡറിയില്‍ 2355 എന്നിങ്ങനെയും. 28,124 അധ്യാപക നിയമനങ്ങളാണ്.പി എസ് സി വഴി രണ്ട് ലക്ഷം നിയമനങ്ങളാണ് നടന്നത്. 3.75 ലക്ഷം പട്ടയം വിതരണം ചെയ്തു. ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 1600 രൂപയാക്കി. ഭവനരഹിതരില്ലാത്ത ഭൂരഹിതര്‍ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

date