Skip to main content

ജില്ലയില്‍ മൂന്ന് വര്‍ഷത്തിനിടെ 375 മുങ്ങി മരണങ്ങള്‍ - മുങ്ങി മരണങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കും - എട്ടാം ക്ലാസ് മുതല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കും

മലപ്പുറം ജില്ലയില്‍ വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് മുതലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്ത സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങി അപകടങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും കുട്ടികള്‍ക്ക് ബോധവത്ക്കണം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 ല്‍ 108 ഉം 2022 ല്‍ 140 ഉം 2023 ല്‍ ഇതുവരെയായി 127 ഉം മുങ്ങി മരണങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കിരയാകുന്നത് കുട്ടികളാണ്. 56 കുട്ടികളുടെ മുങ്ങി മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്.
കുളങ്ങള്‍, കുളിക്കടവുകള്‍ എന്നിവ വൃത്തിയാക്കുന്നതിനും ജലാശയങ്ങളെ അപകട സാധ്യത/ഉപയയോഗത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. ജലാശയങ്ങളുടെ കരകളില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ആവശ്യമുള്ള കുളങ്ങളില്‍ പടികള്‍ നിര്‍മിക്കുന്നതിനും ജൈവ വേലികള്‍ സ്ഥാപിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ക്രിസ്മസ് അവധിക്കു മുമ്പായി എല്ലാ സ്‌കൂളുകളിലും അസംബ്ലികള്‍ വിളിച്ചു ചേര്‍ത്ത് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഡി.ടി.പി.സി യുടെ ലൈഫ് ഗാര്‍ഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ബീച്ചുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. മുങ്ങി മരണവുമായി ബന്ധപ്പെട്ടബോധവത്ക്കരണ വീഡിയോ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ഐ-പി.ആര്‍.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

(ഫോട്ടോ സഹിതം)

date