Skip to main content

വംശീയ ജനാധിപത്യ രൂപീകരണ ശ്രമങ്ങളെ ചെറുക്കണം: നിയമസഭാ സ്പീക്കര്‍

രാജ്യത്ത് വംശീയ ജനാധിപത്യം കൊണ്ടുവരാന്‍ തീവ്രമായ ശ്രമം നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കണമെ ന്നും നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രത്തെയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ആ ഭരണഘടന മാറ്റി എഴുതാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പം ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളെയും ഉള്‍കൊള്ളുന്നവരാണ്. എന്നാല്‍ ഭൂരിപക്ഷത്തിനകത്തെ ചെറു ന്യൂനപക്ഷമാണ് വംശീയ ജനാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ശക്തിയില്‍ ഭരണഘടന മാറ്റം വരുത്തിയേക്കാം എന്ന് മുന്‍കൂട്ടി കണ്ടാണ് ഭരണഘടനയുടെ അടിസ്ഥാന ശിലയില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഭരണഘടനാ ശില്പികള്‍ എഴുതിച്ചേര്‍ത്തത്. ആ ശക്തിയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. എല്ലാ മതത്തെയും ഉള്‍ക്കൊള്ളുന്ന ഭരണഘടനയുള്ളപ്പോള്‍ ഒരു രാഷ്ട്രത്തെ മതരാഷ്ട്രമാക്കാന്‍ കഴിയില്ല. ഈ രാജ്യത്തിന് പൂര്‍ണമായും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന തരത്തിലുള്ള അരക്ഷിതത്വ ബോധപ്രചാരണം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിൽ നടക്കുന്നുണ്ട്. അത് മാറണം. എല്ലാ മതവിഭാഗങ്ങളും നടത്തിയ യോജിച്ച പ്രക്ഷോഭത്തിലൂടെയാണ് രാജ്യം സ്വതന്ത്രമായത്. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ നല്‍കിയ സംഭാവനകള്‍ വക്രീകരിച്ച് ചരിത്രത്തെ മാറ്റാനുള്ള ശ്രമവും നടക്കുന്നു. ഇത് തിരിച്ചറിയണം സ്പീക്കർ പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും സമൂഹത്തിന് ആപത്താണ്. രണ്ടിനെയും പൂര്‍ണമായി തള്ളിക്കളയാന്‍ നമുക്ക് സാധിക്കണം. ഏതു മതവിഭാഗമായാലും സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ കണ്ടാല്‍ എതിര്‍ക്കണം. സ്ത്രീധനത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ച ഡോ.ഷഹനയെ പറ്റി കേരളത്തിലെ മതപണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണ്. സ്ത്രീധനം ഇസ്ലാം വിരുദ്ധമാണെന്നോർക്കണം. ജനാധിപത്യ സംവിധാനത്തില്‍ ചര്‍ച്ചയാകേണ്ടത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണെന്നും ഇന്ന് രാജ്യത്ത് നടക്കുന്നത് അതല്ലെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ അഡ്വ. എ എ റഷീദ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യഥിതികളായി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ വെബ്‌സൈറ്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സെയ്ഫുദ്ദീന്‍ 'കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്ത്? എന്തിന്?'എന്ന വിഷയത്തിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസ 'ന്യൂനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍' എന്ന വിഷയത്തിലും ക്ലാസ്സെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, എ ഡി എം കെ കെ ദിവാകരന്‍, ഫാ. ജോസഫ് കാവനാടിയില്‍, എ കെ അബ്ദുള്‍ ബാഖി, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ജോസഫ് എസ് ഡാനിയേല്‍, എം കെ ഹമീദ് മാസ്റ്റര്‍, ഡോ. സുല്‍ഫിക്കര്‍ അലി, പി കെ മുഹമ്മദ് സാജിദ് നദ് വി, പാസ്റ്റര്‍ കുര്യന്‍ ഈപ്പന്‍, കെ വി ഷംസുദ്ദീന്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി വി ടി ബീന, രജിസ്ട്രാര്‍ എം എസ് ഷീന, വിവിധ ന്യൂനപക്ഷ സമുദായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date