Skip to main content

തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിയുന്നു; അവസരം തുറന്ന് നോളജ് ഇക്കണോമി മിഷന്‍ നഴ്‌സിംഗ് ഓവര്‍സീസ് റിക്രൂട്ട്‌മെന്റ്

ആതുര സേവനരംഗത്തെ കേരള മികവ് വീണ്ടും കടല്‍ കടക്കുകയാണ്. നഴ്‌സിംഗ് ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് മികച്ച തൊഴിലവസരങ്ങള്‍ തുറന്നുകൊണ്ട് കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ നിരവധിപേർക്ക് തൊഴിൽ അവസരം ലഭിച്ചു. ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍, മാഞ്ഞൂരാന്‍സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടന്നത്. യോഗ്യരായ നഴ്‌സിംഗ് ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായാണ് ഡ്രൈവ് സംഘടിപ്പിച്ചത്.

കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ മുഖേന ലഭിച്ച മുന്നൂറിലേറെ അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 106 പേരാണ് രണ്ടു ദിവസങ്ങളിലായി നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ബി എസ് സി, എം എസ് സി, ജി എന്‍ എം നഴ്‌സിംഗ് യോഗ്യതയും കുറഞ്ഞത് ആറുമാസം പ്രവര്‍ത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികളെയാണ് പരിഗണിച്ചത്.

ആവശ്യമായ യോഗ്യതകളും ഭാഷാപരിശീലനവും നേടിയ എട്ട് പേര്‍ അടുത്ത മാസം ആദ്യം ഹോസ്പിറ്റല്‍ ഇന്റര്‍വ്യൂയും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. യു കെ, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രശസ്തമായ സ്വകാര്യ ആശുപത്രികളിലുമാണ് ഇവര്‍ക്ക് നിയമനം ലഭിക്കുക. വിദേശത്ത് ജോലി നേടാന്‍ മതിയായ രേഖകള്‍ കാത്തിരിക്കുന്ന യോഗ്യരായ 11 പേര്‍ രേഖകള്‍ ലഭ്യമാകുന്നതോടെ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കും. ഭാഷാപരിശീലനം നടത്തുന്ന 17 പേര്‍ മതിയായ സ്‌കോര്‍ നേടുന്ന മുറയ്ക്ക് ജോലി നേടുന്നതിനുള്ള മറ്റു പ്രക്രിയകളിലേക്ക് കടക്കും.
കേരളത്തിനും ഇന്ത്യക്കും പുറത്തുള്ളതും എന്നാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളതുമായ 25 ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായും റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ വരും ദിവസങ്ങളില്‍ പങ്കെടുക്കും.

കേരള സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷനിലൂടെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ നൈപുണ്യ വികസനവും ഉദ്യോഗാര്‍ഥികളുടെ അഭിരുചി അനുസരിച്ച് തൊഴില്‍ നേടാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ യുവാക്കളെ തൊഴിലെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് കേരള നോളജ് എക്കണോമി മിഷന്‍.

date