Skip to main content

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്; പ്രചാരണ കായിക മത്സരങ്ങൾക്ക് തുടക്കം

 

ആവേശമായി വോളിബോൾ; വനിതാ വിഭാഗത്തിൽ  ഫ്രണ്ട്സ് പയിമ്പ്ര ജേതാക്കൾ

കോഴിക്കോട് ബീച്ച് സാക്ഷിയാക്കി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണ കായിക മത്സരങ്ങൾക്ക് തുടക്കമായി. ബീച്ചിനെ ആവേശത്തിലാഴ്ത്തി വോളിബോൾ മത്സരം നടന്നു. ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരാണാർത്ഥമാണ് വോളിബോൾ മത്സരം സംഘടിപ്പിച്ചത്. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

വനിതാ വോളിബോൾ മത്സരത്തിൽ വോളി ഫ്രണ്ട്സ് പയിമ്പ്ര ഒന്നാം ചാമ്പ്യൻമാരായപ്പോൾ ചേളന്നൂർ എസ് എൻ ജി കോളേജ് റണ്ണേഴ്സ് അപ്പായി. സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോണും സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥും ചേർന്ന് മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് എട്ടായിരം രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് നാലായിരം രൂപയുമാണ് സമ്മാനത്തുക.

കോഴിക്കോട് ബീച്ചിൽ നടന്ന മത്സരത്തിൽ നാല് വീതം പുരുഷ ടീമുകളും വനിത ടീമുകളും മാറ്റുരച്ചു. പുരുഷ വിഭാഗം മത്സരത്തിൽ സായി കാലിക്കറ്റ്, പാറ്റേൺ കാരന്തൂർ, വോളി ഫ്രണ്ട്സ് പയിമ്പ്ര, ചേളന്നൂർ എസ് എൻ ജി കോളേജ് എന്നിവരാണ് മാറ്റുരയ്ക്കുന്നത്. രാത്രി വൈകിയും തുടർന്ന മത്സരം ആസ്വദിക്കാൻ ഒട്ടേറെ പേർ ബീച്ചിൽ തടിച്ചുകൂടിയിരുന്നു. 

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രചാരണ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ്‌ സ്വാഗതവും ഡിടിപിസി മാനേജർ നന്ദു ലാൽ നന്ദിയും പറഞ്ഞു.

നാളെ (ഡിസംബർ 20 ) വൈകിട്ട് അഞ്ച് മണിക്ക് കബഡി മത്സരവും വ്യാഴാഴ്ച വൈകിട്ട് സെപക് താക്രോയും കോഴിക്കോട് ബീച്ചിൽ നടക്കും.

date