Skip to main content

അറിയിപ്പുകൾ 

 

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. 2023 ലെ എസ്എസ്എൽസി പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കൻഡറി, മറ്റു റെഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനു ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും, റഗുലർ / പ്രൊഫഷണൽ/ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 23 . ഫോൺ : 0495 2378222

ലാപ്ടോപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു 

കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ലാപ്ടോപ്പ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബിടെക്, എംടെക് , ബിഎഎംഎസ്, ബിഡിഎസ് , ബിവിഎസ് സി  ആൻഡ് എഎച്ച് , ബിആർക്ക് , എംആർക്ക്, പിജി ആയുർവേദ, പിജി ഹോമിയോ, ബിഎച്എംഎസ്, എംഡി, എംഎസ്, എംഡിഎസ്, എംവിഎസ് സി ആൻഡ് എ എച്, എംബിഎ, എംസിഎ എന്നീ കോഴ്സുകളിൽ ( ബി ആർക്, എം ആർക് എന്നിവ കേന്ദ്ര സർക്കാർ എൻട്രൻസ് ജെ ഇ ഇ, ഗേറ്റ് , നാറ്റ  മുഖേനയും എം ബി എക്ക് ക്യാറ്റ്, മാറ്റ് , കെമാറ്റ്  എന്നീ എൻട്രൻസ് മുഖേനയും എംസിഎക്ക് എൽ ബി എസ് സെന്റർ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) 2023-24 വർഷം കേരളത്തിലെ സർക്കാർ സർക്കാർ അംഗീകൃത കോളേജുകളിൽ ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ ലാപ്ടോപ്പിന് അർഹതയുള്ളൂ. അപേക്ഷയോടൊപ്പം എൻട്രൻസ് കമ്മീഷണറുടെ  അലോട്ട്മെൻറ് ലെറ്റർ, സ്കോർ ഷീറ്റ്, അലോട്ട്മെന്റ് ഓർഡറിന്റെ പകർപ്പ്, പ്രവേശനം ലഭിച്ചതായുള്ള സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി 15. ഫോൺ : 0495 2384355 

പേരാമ്പ്ര ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ

മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്)  ഒഴിവിലേക്ക് ഡിസംബർ 22ന്  രാവിലെ 11  മണിക്ക് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്.  ഫോൺ : 9400127797. 

സീറ്റ് ഒഴിവ്

സംസ്ഥാന സർക്കാർ നടത്തുന്ന അപ്പർ പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 17 നും 35 ഇടയിൽ. ഡിസംബർ 31 ന് മുൻപായി അപേക്ഷ ലഭിക്കണം. ഫോൺ: 04734296496, 8547126028. 

റദ്ദായ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാം

കോഴിക്കോട് ജില്ലയിലെ 01.01.2000 മുതൽ 31.10.2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ട്പ്പെട്ട ഉദ്യോഗാർഥികളായ വിമുക്ത ഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. 2024 ജനുവരി 31 വരെയാണ് കാലാവധി.

date