Skip to main content

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടർഫെസ്റ്റ്: കോഴിക്കോട് ബീച്ചിൽ കബഡി മത്സരം നാളെ (ബുധൻ)

 

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്  പ്രചാരണത്തിൻ്റെ ഭാഗമായി കായിക പ്രേമികൾക്കായി കബഡി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചിലാണ് കബഡി മത്സരം അരങ്ങേറുക. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. 

ഗജമുഖ കണ്ണഞ്ചേരി, തലക്കുളത്തൂർ വീർമാരുതി, ആഞ്ജനേയ, എൻ.എസ്.എ മുക്കം എന്നിവരാണ് വനിതാ ടീമുകൾ. ഗജമുഖ കണ്ണഞ്ചേരി, കുരുക്ഷേത്ര വെണ്ണക്കോട്, സാൻഡ് ഗ്രൗണ്ട് നടുവട്ടം, അശ്വമേധ എന്നിവരാണ് പുരുഷ ടീമുകൾ.

രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് ഒന്നാം സമ്മാനം 8000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും വീതം നൽകും. 

21ന് വൈകിട്ട് അഞ്ചിന്‌ സെപക് തക്രോ മത്സരവും 23 ന് ഫുട്ബോൾ മത്സരവും നടക്കും. ഫെസ്റ്റിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഡിസംബർ 23ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ച 12 വരെ ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരവും സംഘടിപ്പിക്കും.

24ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ച് മുതല്‍ ബേപ്പൂര്‍ വരെ മിനി മാരത്തോണും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് ഒന്നാം സമ്മാനം 7000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് 1000 രൂപ വീതവും നല്‍കും.

ഫെസ്റ്റിനോടുബന്ധിച്ച് ബേപ്പൂരിലും കോഴിക്കോടും ആകർഷകമായ ദീപാലങ്കാരവും ഒരുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ഘോഷയാത്രയും അരങ്ങേറും. പരിപാടികൾ വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

date